ഏഷ്യൻ യോഗ്യത; ഇന്ത്യൻ ക്ലബ്ബുകൾക്ക് AFC താൽക്കാലിക ഇളവ് നൽകും, പക്ഷെ നേരിട്ട് യോഗ്യത ഇല്ല

Newsroom

Resizedimage 2026 01 15 14 16 43 1


അടുത്ത സീസണിലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടൂവിൽ (ACL 2) പങ്കെടുക്കുന്നതിനായി ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) ഒരു സീസണിലെ പ്രത്യേക ഇളവ് അനുവദിച്ചു. ഇതനുസരിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ചാമ്പ്യന്മാർക്കും സൂപ്പർ കപ്പ് ജേതാക്കൾക്കും അടുത്ത വർഷത്തെ എഎഫ്‌സി ടൂർണമെന്റുകളുടെ യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാം. നേരെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ പക്ഷെ ആവില്ല.

1000413961

വരാനിരിക്കുന്ന 2025-26 ഐഎസ്എൽ സീസണിൽ 14 ടീമുകളിലായി ആകെ 91 മത്സരങ്ങൾ മാത്രമുള്ള ചുരുങ്ങിയ ഫോർമാറ്റാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണഗതിയിൽ ഭൂഖണ്ഡാന്തര മത്സരങ്ങൾക്ക് യോഗ്യത നേടുന്നതിന് ഒരു ടീം ലീഗിൽ ചുരുങ്ങിയത് 24 മത്സരങ്ങളെങ്കിലും കളിച്ചിരിക്കണം എന്ന നിബന്ധനയിലാണ് ഇപ്പോൾ എഎഫ്‌സി ഇളവ് നൽകിയിരിക്കുന്നത്.


ഈ ഇളവ് ലഭിച്ചതോടെ സൂപ്പർ കപ്പ് ചാമ്പ്യന്മാർക്കും ഐഎസ്എൽ വിജയികൾക്കും അയോഗ്യതാ ഭീഷണിയില്ലാതെ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കും. ഫെബ്രുവരി 14 മുതൽ മെയ് 17 വരെ നീണ്ടുനിൽക്കുന്ന ലീഗ് ഷെഡ്യൂളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് ക്ലബ്ബുകളെ സഹായിക്കും. എല്ലാ ടീമുകളും പരസ്പരം ഹോം, എവേ അടിസ്ഥാനത്തിൽ ഓരോ തവണ വീതം ഏറ്റുമുട്ടുന്ന രീതിയിലായിരിക്കും ലീഗ് ഘടനയെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സ്ഥിരീകരിച്ചു. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ വീതവും വ്യാഴാഴ്ചകളിൽ ഓരോ മത്സരവും എന്ന ക്രമത്തിലായിരിക്കും വരാനിരിക്കുന്ന സീസണിലെ പോരാട്ടങ്ങൾ.