ഇന്ത്യൻ പേസ് ബൗളിംഗിന്റെ കുന്തമുനയായ മുഹമ്മദ് സിറാജിനെ രഞ്ജി ട്രോഫി സീസണിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ജി. രാഹുൽ സിംഗാണ് വൈസ് ക്യാപ്റ്റൻ. നിലവിലെ ക്യാപ്റ്റൻ തിലക് വർമ്മയ്ക്ക് വയറിലെ പേശികൾക്കേറ്റ പരിക്കിനെത്തുടർന്ന് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര നഷ്ടമായ സാഹചര്യത്തിലാണ് ടീമിനെ നയിക്കാൻ സിറാജിനെ ചുമതലപ്പെടുത്തിയത്.

ഇതിനുമുമ്പ് പ്രൊഫഷണൽ തലത്തിൽ ടീമിനെ നയിച്ച പരിചയമില്ലെങ്കിലും സിറാജിന്റെ നേതൃപാടവം പരിശോധിക്കാനുള്ള അവസരമായാണ് ക്രിക്കറ്റ് ലോകം ഇതിനെ കാണുന്നത്. ഗ്രൂപ്പ് ഡിയിൽ 13 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഹൈദരാബാദ്, ജനുവരി 22-ന് മുംബൈയെയും ജനുവരി 29-ന് ഛത്തീസ്ഗഢിനെയും നേരിടും. ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഹൈദരാബാദിന് ഈ മത്സരങ്ങൾ നിർണ്ണായകമാണ്.
കഴിഞ്ഞ വർഷം നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയെ നയിച്ച സിറാജ്, 23 വിക്കറ്റുകൾ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സീസണിൽ ഇതുവരെ രഞ്ജി ട്രോഫിയിൽ കളിച്ചിട്ടില്ലെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. 2025 ജനുവരിയിൽ വിദർഭയ്ക്കെതിരെയാണ് സിറാജ് അവസാനമായി ഹൈദരാബാദിനായി രഞ്ജി മത്സരം കളിച്ചത്.









