അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്റ്‌സ്മാൻ എന്ന ചരിത്ര നേട്ടം വിരാട് കോഹ്‌ലി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് വഡോദരയിലെ ബി.സി.എ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടന്ന ഒന്നാം ഏകദിന മത്സരത്തിലാണ് മുപ്പത്തിയേഴുകാരനായ കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്.

മത്സരത്തിന് മുൻപ് ഈ നേട്ടത്തിലെത്താൻ 25 റൺസ് കൂടി വേണ്ടിയിരുന്ന കോഹ്‌ലി, ഇന്ത്യൻ ഇന്നിംഗ്‌സിന്റെ പതിമൂന്നാം ഓവറിൽ ആദിത്യ അശോകിനെ ഫോറടിച്ചാണ് 28,001 റൺസിലെത്തിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ (34,357), കുമാർ സംഗക്കാര (28,016) എന്നിവർ മാത്രമാണ് ഇനി റൺവേട്ടയിൽ കോഹ്‌ലിക്ക് മുന്നിലുള്ളത്. 309 ഏകദിനങ്ങളിൽ നിന്ന് 14,575 റൺസും, 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസും, 125 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 4,188 റൺസും ഉൾപ്പെടെ 52.58 എന്ന മികച്ച ശരാശരിയിലാണ് ഈ റൺമല കോഹ്‌ലി പടുത്തുയർത്തിയത്.
തന്റെ കരിയറിൽ ആകെ 84 സെഞ്ച്വറികളും 145 അർദ്ധ സെഞ്ച്വറികളും അദ്ദേഹം ഇതിനോടകം നേടിയിട്ടുണ്ട്. ഈ മത്സരത്തിൽ 42 റൺസ് കൂടി അധികം നേടാനായാൽ സംഗക്കാരയെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്‌ലി മാറും.









