പുതുവർഷ പുലരിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അപ്രതീക്ഷിത ആഘാതം നൽകി ക്ലബ്ബിന്റെ പ്രഖ്യാപനം. ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാം എല്ലാമായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ 2025-26 സീസണിൽ ഒരു വിദേശ ക്ലബ്ബിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാറുന്നു. ഇരുപക്ഷവും തമ്മിലുള്ള ധാരണ പ്രകാരമാണ് ഈ തീരുമാനമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു.

2021-ൽ ടീമിനൊപ്പം ചേർന്ന ലൂണ, 2027 വരെ കരാർ നീട്ടിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒരു സീസണിലേക്ക് ഇന്ത്യ വിടാൻ തീരുമാനിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയുടെ നട്ടെല്ലും ടീമിന്റെ പടനായകനുമായ ലൂണയുടെ മടക്കം ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്. ടീമിലെ അദ്ദേഹത്തിന്റെ നേതൃപാടവവും ക്രിയേറ്റിവിറ്റിയും പകരം വെക്കാനില്ലാത്തതാണ്. ലൂണയുടെ പ്രൊഫഷണലിസത്തെ ക്ലബ്ബ് അഭിനന്ദിക്കുകയും വിദേശത്തെ പുതിയ ദൗത്യത്തിന് ആശംസകൾ നേരുകയും ചെയ്തു.
എങ്കിലും, ഐഎസ്എൽ ഷെഡ്യൂളിംഗിലെ അനിശ്ചിതത്വങ്ങളും ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളും കാരണം മികച്ച വിദേശ താരങ്ങൾ മറ്റ് അവസരങ്ങൾ തേടുന്നത് ശുഭസൂചനയല്ല. കഴിഞ്ഞ ദിവസം തിയാഗോ ആൽവെസും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു.
ഈ ലോൺ കാലാവധിക്ക് ശേഷം ലൂണ കൂടുതൽ കരുത്തനായി തിരിച്ചെത്തുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.









