വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാന്റെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ കേരളത്തിന് 2 വിക്കറ്റ് വിജയം. 344 റൺസ് എന്ന വലിയ സ്കോറാണ് കേരളം ചേസ് ചെയ്ത് നേടിയത്. ഇന്ന് ബാബ അപരാജിത് ശതകം നേടി പുറത്തായ ശേഷം കേരളത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് എട്ടാം വിക്കറ്റിൽ ഏദന്‍ ആപ്പിള്‍ ടോമും അങ്കിത് ശര്‍മ്മയും ചേര്‍ന്നാണ്.
ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 46 റൺസ് നേടിയപ്പോള്‍ അവസാന ഓവറിലെ രണ്ടാം പന്തിൽ 27 റൺസ് നേടിയ അങ്കിത് റണ്ണൗട്ടായി. നേരത്തെ ബാബ അപരാജിത് 126 റൺസ് നേടിയപ്പോള്‍ 53 റൺസ് നേടിയ കൃഷ്ണ പ്രസാദ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.
അവസാന പന്തിൽ രണ്ട് റൺസ് വിജയിക്കാന്‍ വേണ്ട ഘട്ടത്തിൽ ഏദന്‍ സിക്സര്‍ നേടി കേരളത്തിന്റെ മിന്നും വിജയം ഉറപ്പാക്കി.
ഏദന്‍ ആപ്പിള്‍ ടോം 18 പന്തിൽ പുറത്താകാതെ 40 റൺസുമായി നിന്നപ്പോള്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍ (28), വിഷ്ണു വിനോദ് (28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
രാജസ്ഥാന്‍ ബൗളിംഗിൽ 4 വിക്കറ്റുമായി അനികേത് ചൗധരിയും 2 വിക്കറ്റ് നേടി മാനവ് സുധാറും ആണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്.









