വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് മധ്യപ്രദേശിനെതിരെ 47 റൺസിന്റെ പരാജയമാണ് കേരളം നേരിട്ടത്. മധ്യപ്രദേശ് ഉയർത്തിയ 215 എന്ന വിജയലക്ഷ്യം പിന്തുടർന്ന കേരളം വെറും 167 റൺസിന് ഓളൗട്ട് ആയി.

കേരള ബാറ്റർമാർക്ക് ആർക്കും ഒരു വലിയ ഇന്നിംഗ്സ് കളിക്കാൻ ഇന്ന് ആയില്ല. 30 റൺസ് എടുത്ത സൽമാൻ നിസാർ ആണ് കേരളത്തിന്റെ മുൻ നിര ബാറ്റർമാരിൽ ആകെ തിളങ്ങിയത്. വിഷ്ണു വിനോദ് 20 റൺസും എടുത്തു. അവസാനം ഷറഫുദ്ദീൻ 29 പന്തിൽ 42 റൺസ് എടുത്ത് പൊരുതി നോക്കി എങ്കിലും ഫലം ഉണ്ടായില്ല. അവസാന വിക്കറ്റിൽ ഷറുദീനും വിഘ്നേഷും ചേർന്ന് 49 റൺസ് ചേർത്തിരുന്നു.
നേരത്തെ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത കേരളം 46.1 ഓവറിൽ മധ്യപ്രദേശിനെ 214 റൺസിന് ഓൾ ഔട്ടാക്കി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ്മയുടെ തകർപ്പൻ പ്രകടനമാണ് മധ്യപ്രദേശിന്റെ നട്ടെല്ലൊടിച്ചത്.

മധ്യപ്രദേശിന് വേണ്ടി ഹിമാൻഷു മന്ത്രി നടത്തിയ പോരാട്ടം (93 റൺസ്) മാത്രമാണ് അവർക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. ഓപ്പണർമാരായ ഹർഷ് ഗവാലിയെയും (22) യഷ് ദുബെയെയും (13) തുടക്കത്തിലേ പുറത്താക്കിയ അങ്കിത് ശർമ്മ, മധ്യപ്രദേശിനെ 13 ഓവറിൽ 51/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. കേരളത്തിന് വേണ്ടി ബി. അപരാജിത് 3 വിക്കറ്റും നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. ഒരു ഘട്ടത്തിൽ 144/8 എന്ന നിലയിൽ ആയിരുന്ന മധ്യപ്രദേശിനെ രക്ഷിച്ചത് ഹിമാൻഷു മന്ത്രിയുടെ ഇന്നിംഗ്സ് ആണ്.









