ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ഡി മത്സരത്തിൽ ഗുജറാത്തിനെ ഏഴ് റൺസിന് പരാജയപ്പെടുത്തി ഡൽഹി തകർപ്പൻ വിജയം സ്വന്തമാക്കി. വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗും അവസാന ഓവറുകളിലെ ബൗളർമാരുടെ കൃത്യതയുമാണ് ഡൽഹിക്ക് തുണയായത്.

വെറും 61 പന്തിൽ നിന്ന് 13 ഫോറുകളും ഒരു സിക്സറുമടക്കം 77 റൺസെടുത്ത കോഹ്ലിയാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. വെറും 29 പന്തിൽ നിന്നാണ് താരം തന്റെ അർദ്ധസെഞ്ചറി പൂർത്തിയാക്കിയത്. ഈ ഇന്നിംഗ്സോടെ വിജയ് ഹസാരെ ട്രോഫിയിൽ വെറും 15 ഇന്നിംഗ്സുകളിൽ നിന്ന് 1,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്. കോഹ്ലിക്ക് പുറമെ നായകൻ ഋഷഭ് പന്ത് (70) മികച്ച പ്രകടനം കാഴ്ചവെച്ചു. ഹർഷ് ത്യാഗി 40 റൺസുമായി പന്തിനെ പിന്തുണച്ചു. ഗുജറാത്തിനായി സ്പിന്നർ വിശാൽ ജയ്സ്വാൾ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.
ആര്യ ദേശായി (57), സൗരവ് ചൗഹാൻ (49) എന്നിവരുടെ ബാറ്റിംഗ് ഗുജറാത്തിന് പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ ഡൽഹി ബൗളർമാർ മത്സരം തിരിച്ചുപിടിച്ചു.
ഡൽഹിക്കായി പ്രിൻസ് യാദവ് 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റും സിമർജീത് സിംഗ് ഒരു വിക്കറ്റും നേടി. ഗുജറാത്തിന്റെ അവസാന മൂന്ന് വിക്കറ്റുകൾ വെറും 10 പന്തിനിടെ വീഴ്ത്തിയാണ് ഡൽഹി വിജയം തട്ടിയെടുത്തത്. രവി ബിഷ്ണോയിയുടെ അവസാന വിക്കറ്റ് വിരാട് കോഹ്ലി തന്നെ ക്യാച്ചിലൂടെ സ്വന്തമാക്കിയത് ഗാലറിയിലെ ആരാധകർക്ക് ആവേശമായി. ഈ വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി ഡൽഹി ഒന്നാം സ്ഥാനത്തെത്തി. തന്റെ വിടവാങ്ങൽ ലിസ്റ്റ് എ മത്സരമായി കരുതപ്പെടുന്ന ഈ കളിയിൽ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയാണ് കോഹ്ലി മടങ്ങിയത്.









