വിജയ് ഹസാരെ ട്രോഫി: ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികച്ച് വിരാട് കോഹ്‌ലി

Newsroom

Virat Kohli


വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിൽ ആദ്യ റൺ നേടിയതോടെ വിരാട് കോഹ്‌ലി തന്റെ ലിസ്റ്റ് എ ക്രിക്കറ്റ് കരിയറിൽ 16,000 റൺസ് തികച്ചു. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന് (21,999 റൺസ്) ശേഷം ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് കോഹ്‌ലി.

Virat Kohli
Virat Kohli

ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിക്ക് വേണ്ടി ആഭ്യന്തര ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയ കോഹ്‌ലി, നിലവിൽ ലോകത്തെ ലിസ്റ്റ് എ റൺവേട്ടക്കാരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. അന്താരാഷ്ട്ര ഏകദിനങ്ങളിൽ നേടിയ 14,557 റൺസുകൾ ഉൾപ്പെടെ 343 മത്സരങ്ങളിൽ നിന്ന് 57.34 ശരാശരിയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഈ വർഷത്തെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരൻ (651 റൺസ്) കൂടിയാണ് അദ്ദേഹം.

ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഫോം നിലനിർത്താൻ ഈ ടൂർണമെന്റ് കോഹ്‌ലിക്ക് വലിയ സഹായമാകും. സച്ചിന്റെ 60 ലിസ്റ്റ് എ സെഞ്ചറികൾ എന്ന റെക്കോർഡിന് വെറും മൂന്ന് സെഞ്ചറികൾ മാത്രം അകലെയാണ് ഇപ്പോൾ കോഹ്‌ലി.