ഡിസംബർ 20-ന് ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരായ ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലിവർപൂൾ വിജയിച്ചെങ്കിലും, ടീമിനെ കടുത്ത നിരാശയിലാക്കി സൂപ്പർ താരം അലക്സാണ്ടർ ഇസാക്കിന് പരിക്കേറ്റുരുന്നു. മത്സരത്തിന്റെ 56-ാം മിനിറ്റിൽ ലിവർപൂളിനായി ആദ്യ ഗോൾ നേടിയതിന് തൊട്ടുപിന്നാലെയാണ് ടോട്ടൻഹാം താരം മിക്കി വാൻ ഡി വെന്റെ ടാക്കിളിൽ ഇസാക്കിന്റെ കാലിന് പരിക്കേറ്റത്.

താരത്തിന്റെ കാലിലെ അസ്ഥിക്ക് ഒടിവുണ്ടായോ എന്ന് ലിവർപൂൾ ക്യാമ്പ് ഭയപ്പെടുന്നു. എംആർഐ (MRI) പരിശോധനാ ഫലങ്ങൾ പുറത്തുവന്നാലേ പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമാകൂ എങ്കിലും മാസങ്ങളോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.
വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ 125 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകയ്ക്ക് ലിവർപൂളിലെത്തിയ സ്വീഡിഷ് സ്ട്രൈക്കർക്ക് ഈ പരിക്ക് കനത്ത ആഘാതമാണ്. മുഹമ്മദ് സലാ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി പോയതും കോഡി ഗാക്‌പോ പരിക്കിൽ നിന്ന് പൂർണ്ണമുക്തനാകാത്തതും ലിവർപൂളിന്റെ ആക്രമണ നിരയെ പ്രതിസന്ധിയിലാക്കുന്നു.









