ഇന്ത്യൻ ടി20 ടീമിന്റെ ബാറ്റിംഗ് നിരയിൽ സഞ്ജു സാംസണെ മൂന്നാം നമ്പറിൽ കളിപ്പിക്കണമെന്ന നിർദ്ദേശവുമായി മുൻ താരം റോബിൻ ഉത്തപ്പ. നിലവിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ശുഭ്മൻ ഗില്ലിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്നും പകരം സഞ്ജുവിനെ വൺ ഡൗണായി ഇറക്കുന്നതാണ് ടീമിന് ഗുണകരമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.

സഞ്ജു മൂന്നാം നമ്പറിലും തിലക് വർമ്മ നാലാമതായും സൂര്യകുമാർ യാദവ് അഞ്ചാം നമ്പറിലും ബാറ്റ് ചെയ്യുന്നതാണ് ഉചിതമായ ക്രമമെന്ന് ജിയോ സ്റ്റാർ പ്രസ് റൂമിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പവർപ്ലേയ്ക്ക് ശേഷം ബാറ്റ് ചെയ്യുന്നതാണ് സൂര്യകുമാറിന് കൂടുതൽ അനുയോജ്യമെന്നും തിലക് വർമ്മയ്ക്ക് ടീമിൽ നിർണ്ണായക സ്ഥാനം നൽകണമെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.
മുൻപ് വിരാട് കോഹ്ലി ടി20 ലോകകപ്പുകളിൽ ചെയ്തതുപോലെ ഒരു വശത്ത് ഇന്നിംഗ്സ് നങ്കൂരമിട്ട് കളിക്കാൻ ഗില്ലിന് സാധിക്കും. ഗിൽ ആങ്കർ റോളിൽ ബാറ്റ് ചെയ്യുമ്പോൾ മറ്റ് താരങ്ങൾക്ക് കൂടുതൽ ആക്രമിച്ചു കളിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും 140 മുതൽ 150 വരെ സ്ട്രൈക്ക് റേറ്റിൽ ഗില്ലിന് തിളങ്ങാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20യിൽ ഗില്ലിന്റെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങി സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ച പശ്ചാത്തലത്തിലാണ്









