ഓപ്പണറായും വൈസ് ക്യാപ്റ്റനായും ഇറങ്ങിയ ശുഭ്മാൻ ഗിൽ ഇന്നലെ രണ്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമെടുത്ത് ലുങ്കി എൻഗിഡിയുടെ പന്തിൽ പുറത്തായിരുന്നു. മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ഗില്ലിനെ വിമർശിച്ചു.
“ശുഭ്മാൻ ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? ഞാൻ ഈ ചോദ്യം ചോദിക്കാൻ കാരണം, അദ്ദേഹം ഇങ്ങനെ അറ്റാക്ക് ചെയ്ത് കളിക്കുന്ന താരനല്ല, പക്ഷേ ഇങ്ങനെ കളിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു. എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത്? വളരെ ധൃതിയിൽ ഷോട്ട് അടിക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു. കട്ടക്കിൽ പുറത്തായ രീതി, ആദ്യ പന്തിൽ ഒരു ഫോർ അടിച്ചു, എന്നിട്ട് അടുത്ത പന്തിൽ മുന്നോട്ട് വന്ന് ഷോട്ട് അടിക്കാൻ ശ്രമിച്ചു,” ചോപ്ര പറഞ്ഞു.
സഞ്ജു സാംസൺ മുൻപ് കാഴ്ചവെച്ച തകർപ്പൻ റെക്കോർഡിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി: “സഞ്ജു സാംസൺ 175 സ്ട്രൈക്ക് റേറ്റിലാണ് ഓപ്പണറായി റൺസ് നേടിയിരുന്നത്. അദ്ദേഹം മൂന്ന് സെഞ്ച്വറികളും നേടി.”
ഗില്ലിന്റെ 140.63 എന്ന ടി20 ഐ സ്ട്രൈക്ക് റേറ്റ് ഗില്ലിന് തന്നെ സമ്മർദ്ദം നൽകുന്നുണ്ടെന്ന് ചോപ്ര കരുതുന്നു. “സഞ്ജു ഓപ്പണർ ആയിരുന്നപ്പോൾ ഇന്ത്യ 250-275 റൺസിലേക്ക് അടുക്കുന്നുണ്ടായിരുന്നു. ആ സമ്മർദ്ദം അദ്ദേഹത്തിന് അനുഭവപ്പെടുന്നു. ഒന്നാമതായി, സഞ്ജു സാംസൺ അങ്ങനെ കളിക്കുന്നതുകൊണ്ട്, അദ്ദേഹത്തിന്റെ സ്ഥാനത്ത് വന്നതുകൊണ്ട് താനും അങ്ങനെ കളിക്കണം എന്ന് കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.