യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ ചരിത്രപരമായ കന്നി ഏകദിന സെഞ്ച്വറിയുടെ (121 പന്തിൽ പുറത്താകാതെ 116) പിൻബലത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കാൻ ഇന്നലെ ആയിരുന്നു. മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന നേട്ടമാണ് ജയ്‌സ്വാളിന്റെ ഈ ഇന്നിംഗ്‌സിനെ സവിശേഷമാക്കുന്നത്.
സുരേഷ് റെയ്‌ന, രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരടങ്ങിയ താരങ്ങളുടെ പട്ടികയിലാണ് താരം ഇടംപിടിച്ചത്. 111 പന്തിൽ ഈ നേട്ടം കൈവരിച്ച ജയ്‌സ്വാൾ, രോഹിത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ തുടക്കത്തിൽ ക്ഷമയോടെ കളിക്കുകയും പിന്നീട് ഗംഭീരമായി സ്കോർ ഉയർത്തുകയും ക്ലാസിക്ക് ഫ്ലിക്കിലൂടെ വിജയറൺ നേടുകയും ചെയ്തു. ശുഭ്മാൻ ഗിൽ ഉടൻ ടീമിൽ തിരിച്ചെത്താനിരിക്കെ, ടീമിന്റെ മുൻനിരയിൽ കളിക്കാൻ താൻ സജ്ജനാണെന്ന് ഈ പ്രകടനത്തിലൂടെ ജയ്‌സ്വാൾ തെളിയിച്ചു.