ഫ്രഞ്ച് ടീം ലില്ലെയുടെ 18 കാരനായ ഫ്രഞ്ച് യുവതാരം അയ്യോബ് ബൗയാഡിക്ക് ആയി യൂറോപ്യൻ വമ്പന്മാർ രംഗത്ത്. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന അടുത്ത സൂപ്പർ താരമായി പലരും വാഴ്ത്തുന്ന താരത്തിന് ആയി ആഴ്സണൽ, ചെൽസി, പി.എസ്.ജി ക്ലബുകൾ ആണ് ഇപ്പോൾ ശക്തമായി രംഗത്ത് ഉള്ളത്. 2007 ൽ ജനിച്ച താരം 2023 ലെ അരങ്ങേറ്റത്തിനു ശേഷം വലിയ ശ്രദ്ധയാണ് ഫുട്ബോൾ ലോകത്ത് പിടിച്ചു പറ്റിയത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ലില്ലെയുടെ റയൽ മാഡ്രിഡിനു എതിരായ വിജയത്തിൽ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എന്നാൽ ഈ ശ്രമങ്ങൾക്ക് ഇടയിൽ താരത്തിന്റെ കരാർ 2029 വരെ നീട്ടാൻ ലില്ലെക്ക് ആയി. അടുത്ത സീസണിൽ താരത്തെ 50 മില്യൺ യൂറോക്ക് മുകളിൽ വിൽക്കാൻ ആവും അവരുടെ ശ്രമം. താരത്തെ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ആണ് ആഴ്സണലും ഫ്രഞ്ച് ചാമ്പ്യന്മാർ ആയ പി.എസ്.ജിയും, ചെൽസിയും ശ്രമിക്കുന്നത് എന്നാണ് സൂചന. താരത്തെ ഈ ജനുവരിയിൽ തന്നെ ടീമിൽ എത്തിക്കാനുള്ള ആഴ്സണൽ ശ്രമം താരം കരാർ നീട്ടിയതോടെ അവസാനിച്ചു. താരത്തിന്റെ പ്രതിനിധികളുമായി ആഴ്സണൽ സ്പോർട്ടിങ് ഡയറക്ടർ ആന്ദ്ര ബെർറ്റ ചർച്ച നടത്തിയിരുന്നു. ജനുവരിയിൽ താരത്തിന് ആണ് 45 മില്യൺ യൂറോ വരെ മുടക്കാൻ ആഴ്സണൽ തയ്യാറായിരുന്നു. ഇനി താരത്തിന്റെ ആയി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ കടുത്ത പോരാട്ടം ആവും നടക്കുക എന്നുറപ്പാണ്.