ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കേരളത്തിന് വിദർഭയോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു വിദർഭയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറിൽ 164 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭ ഒൻപത് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. അഞ്ച് വിക്കറ്റ് നേട്ടവുമായി കേരള ബാറ്റിങ് നിരയെ തകർത്ത വിദർഭയുടെ യഷ് ഥാക്കൂറാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ഒരു റണ്ണെടുത്ത സഞ്ജു രണ്ടാം ഓവറിൽ തന്നെ മടങ്ങി. തുടർന്നെത്തിയ അഹ്മദ് ഇമ്രാനും മൂന്ന് റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും ചേർന്നുള്ള 77 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. രോഹൻ 35 പന്തുകളിൽ നിന്ന് 58ഉം വിഷ്ണു വിനോദ് 38 പന്തുകളിൽ നിന്ന് 65ഉം റൺസ് നേടി.
എന്നാൽ തുടർന്നെത്തിയവർ അവസരത്തിനൊത്ത് ഉയരാതെ പോയത് കേരളത്തിന് തിരിച്ചടിയായി. രോഹൻ കുന്നുമ്മലിനും വിഷ്ണു വിനോദിനും പുറമെ 16 റൺസെടുത്ത അബ്ദുൾ ബാസിദ് മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. 19.2 ഓവറിൽ 164 റൺസിന് കേരളം ഓൾ ഔട്ടായി. വിദർഭയ്ക്ക് വേണ്ടി യഷ് ഥാക്കൂർ 16 റൺസ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് നേടി. അധ്യയാൻ ധാഗ മൂന്നും നചികേത് ഭൂട്ടെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭയ്ക്ക് ഓപ്പണർ അഥർവ്വ ടായ്ഡെ മികച്ച തുടക്കം നല്കി. 36 പന്തുകളിൽ നിന്ന് അഥർവ്വ 54 റൺസ് നേടി. അമൻ മൊഖാദെ എട്ടും അധ്യയാൻ ധാഗ 16ഉം റൺസെടുത്ത് മടങ്ങിയെങ്കിലും തുടർന്നെത്തിയവർ അവസരത്തിനൊത്ത് ബാറ്റ് വീശിയതോടെ വിദർഭ 18.3 ഓവറിൽ ലക്ഷ്യത്തിലെത്തി. ധ്രുവ് ഷോരെ 22ഉം ശിവം ദേശ്മുഖ് 29ഉം വരുൺ ബിഷ്ട് 22ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി ഷറഫുദ്ദീനും എം ഡി നിധീഷും, അബ്ദുൾ ബാസിദും വിഘ്നേഷ് പുത്തൂരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർ
കേരളം – 19.2 ഓവറിൽ 164ന് ഓൾ ഔട്ട്
വിദർഭ – 18.3 ഓവറിൽ നാല് വിക്കറ്റിന് 165