ഗുവാഹത്തിയിലെ ബർസപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം, ഇന്ത്യയെ 201 റൺസിന് ഓൾ ഔട്ടാക്കിയെങ്കിലും ഫോളോ-ഓൺ നൽകാതെ ദക്ഷിണാഫ്രിക്ക വീണ്ടും ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസിന്റെ വലിയ ലീഡ് ലഭിച്ചു. മാർക്കോ യാൻസൺ 19.5 ഓവറിൽ 48 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞു.

സൈമൺ ഹാർമർ 64 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. കേശവ് മഹാരാജ് ഒരു വിക്കറ്റ് കൂടി നേടിയതോടെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശക്തമായ പിടിമുറുക്കി. 48 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറിന്റെ ചെറുത്തുനിൽപ്പ് ഉണ്ടായിട്ടും ഇന്ത്യക്ക് കരകയറാൻ ആയില്ല. കുൽദീപും സുന്ദറും ഒന്നിച്ചുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ 200 കടക്കാൻ സഹയിച്ചത്.
ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കാനും തങ്ങളുടെ ലീഡ് വർദ്ധിപ്പിക്കാനുമായി ദക്ഷിണാഫ്രിക്ക ഇനി വീണ്ടും ബാറ്റിംഗിനിറങ്ങും.














