ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സമീപകാലത്ത് ഉഗ്രൻ ഫോമിൽ കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. സ്വന്തം മൈതാനം ആയ സെന്റ് ജെയിംസ് പാർക്കിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ന്യൂകാസ്റ്റിൽ സിറ്റിയെ വീഴ്ത്തിയത്. 2019 നു ശേഷം ഇത് ആദ്യമായാണ് ന്യൂകാസ്റ്റിൽ സിറ്റിയെ ലീഗിൽ തോൽപ്പിക്കുന്നത്. ഇരു ടീമുകളും ജയിക്കാൻ ആയി ഇറങ്ങിയ മത്സരത്തിൽ ആദ്യ പകുതിയിൽ പന്ത് കൈവശം വെക്കുന്നതിൽ സിറ്റി ആധിപത്യം കണ്ടെങ്കിലും മികച്ച അവസരങ്ങൾ ഉണ്ടാക്കിയത് ന്യൂകാസ്റ്റിൽ ആയിരുന്നു. ഡോണരുമയുടെ ഉഗ്രൻ രക്ഷപ്പെടുത്തലുകൾ ആണ് ആദ്യ പകുതിയിൽ സിറ്റിക്ക് തുണയായത്.

വോൾട്ട്മഡയുടെ ഷോട്ടുകൾ ഒക്കെ അസാധ്യമായാണ് ഇറ്റാലിയൻ ഗോൾ കീപ്പർ രക്ഷിച്ചത്. ഇടക്ക് കിട്ടിയ സുവർണാവസരം ഹാർവി ബാർൺസ് പാഴാക്കിയത് ന്യൂകാസ്റ്റിൽ ആരാധകർ അവിശ്വസനീയതോടെയാണ് കണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകളുടെയും പെനാൽട്ടി അപ്പീലുകൾ വാർ പരിശോധനക്ക് ശേഷം നിഷേധിക്കുന്നതും കാണാൻ ആയി. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരം ഹാളണ്ടിന് ലക്ഷ്യം കാണാനും ആയില്ല. രണ്ടാം പകുതിയിൽ സിറ്റി കൂടുതൽ മികവ് കാണിച്ചെങ്കിലും ന്യൂകാസ്റ്റിൽ അവസരങ്ങൾ തുറന്നു. 63 മത്തെ മിനിറ്റിൽ ബ്രൂണോ ഗുമിരാസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു.

എന്നാൽ 5 മിനിറ്റിനുള്ളിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ റൂബൻ ഡിയാസ് സിറ്റിക്ക് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ 2 മിനിറ്റിനുള്ളിൽ ന്യൂകാസ്റ്റിൽ മുൻതൂക്കം തിരിച്ചു പിടിക്കുന്നത് ആണ് കാണാൻ ആയത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ വോൾട്ട്മഡയുടെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടാനുള്ള ബ്രൂണോ ഗുമിരാസിന്റെ ശ്രമം ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ലക്ഷ്യം കണ്ട ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിന് വീണ്ടും മുൻതൂക്കം നൽകി. ഓഫ് സൈഡിന് ആയി നീണ്ട വാർ പരിശോധന നടന്നെങ്കിലും റഫറി ഗോൾ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി സിറ്റി ശ്രമം നടത്തിയെങ്കിലും ന്യൂകാസ്റ്റിൽ പ്രതിരോധം കീഴടങ്ങാൻ കൂട്ടാക്കിയില്ല. നിലവിൽ സിറ്റി ലീഗിൽ മൂന്നാമതും ന്യൂകാസ്റ്റിൽ പതിനാലാം സ്ഥാനത്തും ആണ്.














