ഇംഗ്ലീഷ് ഫുട്‌ബോളിലെ വലിയ പാരമ്പര്യം ആയ ക്രിസ്തുമസ് കാലത്തെ ഫെസ്റ്റീവ് മത്സരങ്ങളിൽ മാറ്റവും ആയി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മറ്റ് ലീഗുകൾ ക്രിസ്തുമസ് കാലത്ത് ഇടവേള എടുക്കുമ്പോൾ ആ സമയത്ത് മത്സരങ്ങൾ നടത്തുന്ന പ്രീമിയർ ലീഗ്, ക്രിസ്തുമസ് കഴിഞ്ഞ അടുത്ത ദിവസം ബോക്സിങ് ഡേയിൽ നടത്തുന്ന മത്സരങ്ങളിൽ ആണ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ബോക്‌സിങ് ഡേയിൽ എല്ലാ ടീമുകളുടെയും മത്സരം സംഘടിപ്പിക്കുക എന്ന പതിറ്റാണ്ടുകളുടെ ശീലമാണ് ലീഗ് ഇത്തവണ നിർത്തുന്നത്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരം മാത്രമാണ് ബോക്സിങ് ഡേ ദിവസം നടക്കുക. മറ്റ് മത്സരങ്ങൾ ഡിസംബർ 27 ശനിയാഴ്ച, 28 ഞായറാഴ്ച ദിവസങ്ങളിൽ ആവും നടക്കുക.

യൂറോപ്യൻ മത്സരങ്ങൾ കൂടിയതിനാൽ വീക്കെൻഡുകൾക്ക് ഇടയിൽ ബോക്സിങ് ഡേയിൽ കൂടി കളിക്കുന്നത് താരങ്ങളുടെ ജോലി ഭാരം കൂട്ടും എന്നതിനാൽ ആണ് ഈ തീരുമാനം എന്നാണ് പ്രീമിയർ ലീഗ് പറഞ്ഞത്. കലണ്ടറിൽ വീക്കെൻഡ് ആണെങ്കിൽ ആണ് ബോക്സിങ് ഡേ മത്സരങ്ങൾ തിരിച്ചു വരിക എന്നാണ് പ്രീമിയർ ലീഗ് തീരുമാനം. അടുത്ത കൊല്ലം ശനിയാഴ്ച ദിവസമാണ് ബോക്സിങ് ഡേ എന്നതിനാൽ എല്ലാ മത്സരങ്ങളും അന്ന് തന്നെ ആവും നടക്കുക. ഫെസ്റ്റീവ് ദിവസം ആയതിനാൽ തന്നെ പരമാവധി ആരാധകരെ സ്റ്റേഡിയത്തിൽ ആകർഷിക്കാൻ ടിവി ബ്ലാക്ക് ഔട്ട് ശീലം ഡിസംബർ 26,27,28 ദിവസങ്ങളിൽ തുടരുന്നതിനാൽ ബ്രിട്ടനിൽ അന്നത്തെ ദിവസത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നതിലും നിയന്ത്രണം ഉണ്ടാവും.














