ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ അട്ടിമറി നടത്തി പുതുതായി സ്ഥാനക്കയറ്റം നേടി വന്ന സണ്ടർലാന്റ്. ചാമ്പ്യൻസ് ലീഗിൽ വലിയ ജയം നേടി വന്ന ചെൽസിയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സണ്ടർലാന്റ് തോൽപ്പിച്ചത്. 92 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ അവർ ഇതോടെ 9 മത്സരങ്ങൾക്ക് ശേഷം ലീഗിൽ രണ്ടാം സ്ഥാനത്തും എത്തി. പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം കാണിച്ച ചെൽസിക്ക് എതിരെ പക്ഷെ മികച്ച പ്രകടനം ആണ് സണ്ടർലാന്റ് നടത്തിയത്. മത്സരത്തിൽ നാലാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഗർനാചോ ചെൽസിയെ മുന്നിൽ എത്തിച്ചു.

എന്നാൽ പതറാതെ കളിച്ച സണ്ടർലാന്റ് കളി തങ്ങൾക്ക് അനുകൂലം ആക്കുന്നത് ആണ് പിന്നീട് കണ്ടത്. 22 മത്തെ മിനിറ്റിൽ ഓരോ ലോങ് ത്രോയിൽ നിന്നു പിറന്ന അവസരം ഗോൾ ആക്കി മാറ്റിയ വിൽസൻ ഇസിഡോർ അവർക്ക് സമനില ഗോൾ സമ്മാനിച്ചു. സീസണിൽ മികവ് തുടരുന്ന ഫ്രഞ്ച് താരത്തിന്റെ ആറാം ലീഗ് ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ജയത്തിനായി ചെൽസി ശ്രമിച്ചെങ്കിലും 92 മത്തെ മിനിറ്റിൽ സണ്ടർലാന്റ് ജയം നേടുക ആയിരുന്നു. മികച്ച കൗണ്ടറിൽ നിന്നു ബ്രിയാൻ ബോബിയുടെ പാസിൽ നിന്നു 20 കാരനായ തലിബിയുടെ ക്ലബിന് ആയുള്ള ആദ്യ ഗോളിൽ സണ്ടർലാന്റ് ജയം ഉറപ്പിക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്കയെ ക്യാപ്റ്റൻ ആയി കൊണ്ട് വന്നത് അടക്കം വലിയ പണം മുടക്കി മികച്ച താരങ്ങളെ എത്തിച്ച സണ്ടർലാന്റ് നീക്കം വിജയം കാണുന്ന സൂചനയാണ് സീസണിൽ ഇത് വരെയുള്ള ഫലങ്ങൾ നൽകുന്നത്.














