നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ പുതിയ ഹെഡ് കോച്ചായി ഷോൺ ഡൈഷ് ദീർഘകാല കരാറിൽ ഒപ്പുവെക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. ഔദ്യോഗിക സ്ഥിരീകരണം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ എട്ട് മത്സരങ്ങളിൽ വിജയമില്ലാതെ പോയതിനെത്തുടർന്ന് ആൻജെ പോസ്റ്റെകോഗ്ലുവിനെ ക്ലബ് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഡൈഷ് പ്രധാന സ്ഥാനാർത്ഥിയായി ഉയർന്നുവന്നത്.

റോബർട്ടോ മാൻസിനി, മാർക്കോ സിൽവ എന്നിവരുൾപ്പെടെയുള്ള മറ്റ് പരിശീലകരെയും നോട്ടിംഗ്ഹാം ഫോറസ്റ്റ് പരിഗണിച്ചിരുന്നുവെങ്കിലും, ബേൺലിയോടൊപ്പമുള്ള ഏഴുവർഷത്തോളം നീണ്ട പ്രവർത്തന പരിചയവും എവർട്ടണിലെ രണ്ട് വർഷത്തെ സേവനവും ഉൾപ്പെടെ ഡൈഷിനുള്ള പ്രീമിയർ ലീഗിലെ വിപുലമായ അനുഭവമാണ് അദ്ദേഹത്തെ മികച്ച തിരഞ്ഞെടുപ്പാക്കിയത്. ഫോറസ്റ്റിന്റെ യൂത്ത് റാങ്കുകളിലൂടെ കടന്നുവന്ന ഡൈഷിന് നഗരത്തിൽ ഇപ്പോഴുമുള്ള താമസബന്ധവും ക്ലബ്ബിനും ആരാധകർക്കും കൂടുതൽ സ്വീകാര്യനാവാൻ സഹായിച്ചു.
കഴിഞ്ഞ സീസണിലെ ഏഴാം സ്ഥാനത്തിന് ശേഷം വലിയ തകർച്ച നേരിട്ട ഫോറസ്റ്റ് നിലവിൽ പ്രീമിയർ ലീഗിൽ 18-ാം സ്ഥാനത്താണ്. ഈ സീസണിൽ ഒരു വിജയം മാത്രമാണ് അവർക്ക് നേടാനായത്. പ്രായോഗികവും ചിട്ടയുമുള്ള ശൈലിക്ക് പേരുകേട്ട ഡൈഷിന്റെ നിയമനം ടീമിനെ സ്ഥിരപ്പെടുത്താനും തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023-24 സീസണിൽ എവർട്ടനെ തരംതാഴ്ത്തലിൽ നിന്ന് അദ്ദേഹം രക്ഷിച്ചിരുന്നു. കൂടാതെ, ബേൺലിയെ തുടർച്ചയായ ആറ് പ്രീമിയർ ലീഗ് സീസണുകളിലേക്ക് നയിച്ചുകൊണ്ട് അദ്ദേഹം ക്ലബ്ബിന് ഏറ്റവും വിജയകരമായ ഒരു കാലഘട്ടം സമ്മാനിക്കുകയും ചെയ്തിരുന്നു.