2025-ലെ ആഷസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയയുടെ ഒരുക്കങ്ങൾക്ക് പുതിയ വഴിത്തിരിവായി, പതിവ് നായകൻ പാറ്റ് കമ്മിൻസ് പുറംവേദനയിൽ നിന്ന് സമയബന്ധിതമായി സുഖം പ്രാപിച്ചില്ലെങ്കിൽ സ്റ്റീവ് സ്മിത്ത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമെന്ന് മുഖ്യ സെലക്ടർ ജോർജ് ബെയ്ലി സ്ഥിരീകരിച്ചു. ജൂലൈ മുതൽ ടീമിൽ നിന്ന് പുറത്തായ കംമിൻസ്, നവംബർ 21-ന് പെർത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കാൻ “സാധ്യത കുറവാണ്” എന്നാണ് റിപ്പോർട്ട്.
“പാറ്റ് കളിക്കുന്നില്ലെങ്കിൽ, സ്മഡ്ജ് (സ്മിത്ത്) നായകനാകും. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പതിവ് കാര്യമാണ്,” അദ്ദേഹം സിഡ്നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.
അതേസമയം, കംമിൻസ് ക്രമേണ പരിശീലനത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. അദ്ദേഹം അടുത്തിടെ ഓട്ടപരിശീലനങ്ങൾ പുനരാരംഭിക്കുകയും ഉടൻ തന്നെ ബൗളിംഗ് പരിശീലനം തുടങ്ങാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ ടീമിൽ നിന്ന് മാറ്റിനിർത്താൻ കാരണമായ നടുവിലെ അസ്ഥിക്ക് ഏറ്റ സമ്മർദ്ദം വീണ്ടും വഷളാകാതിരിക്കാൻ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.