കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സിനെ വീഴ്ത്തി കാലിക്കറ്റ് ഹീറോസിന് ആദ്യ ജയം

Newsroom

Img 20251017 Wa0060
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസസണില്‍ ആദ്യജയം കുറിച്ച് നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസ്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ കീഴടക്കി (15-10, 15-11, 15-12). മോഹന്‍ ഉക്രപാണ്ഡ്യന്‍ ആണ് കളിയിലെ താരം. ആദ്യ അഞ്ച് കളിയും തോറ്റ് സെമി സാധ്യത അവസാനിച്ച കാലിക്കറ്റ് ആറാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. തോറ്റിട്ടും കഴിഞ്ഞ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷമീമുദ്ധീന്റെ ഉശിരന്‍ പ്രകടനത്തിലൂടെയായിരുന്നു തുടക്കം.

1000292660

കൊല്‍ക്കത്തയുടെ അപകടകാരിയായ അശ്വില്‍ റായിയുടെ സെര്‍വുകള്‍ കൃത്യമായി ബ്ലോക്ക് ചെയ്തു. അശോക് ബിഷ്‌ണോയിയുടെ ഒന്നാന്തരം സെര്‍വുകളുമായപ്പോള്‍ കാലിക്കറ്റ് കളംപിടിച്ചു. ഇതിനിടെ കൊല്‍ക്കത്തയുടെ വിദേശ താരം മാര്‍ട്ടിന്‍ ടകവര്‍ സൂപ്പര്‍ സ്‌പൈക്കുകളിലൂടെ കാലിക്കറ്റിനെ ഞെട്ടിച്ചു. പക്ഷേ, സെര്‍വീസ് പിഴവുകള്‍ അവര്‍ക്ക് വിനയായി.

രണ്ടാം സെറ്റില്‍ മോഹന്‍ ഉക്രപാണ്ഡ്യന്‍ കളംനിറഞ്ഞു. ഒന്നാന്തരം പാസുകളിലൂടെ ക്യാപ്റ്റന്‍ അറ്റാക്കര്‍ക്കമാര്‍ക്ക് ഊര്‍ജം പകരുകയായിരുന്നു. സന്തോഷ് കൂടി ആക്രമണത്തില്‍ എത്തിയതോടെ കാലിക്കറ്റിന്റെ കളി വേഗത്തിലായി. വികാസ് മാനും ഷമീമും ചേര്‍ന്ന് മികച്ച ബ്ലോക്കുകള്‍ തീര്‍ത്തു. ഇതോടെ കൊല്‍ക്കത്തയുടെ ആക്രണനിര പതറി. ഇതിനിടെ സെര്‍വീസ് പിഴവുകളാണ് കാലിക്കറ്റിന് തിരിച്ചടിയായത്. കൊല്‍ക്കത്ത തിരിച്ചടിക്കാന്‍ തുടങ്ങി. പക്ഷേ, പങ്കജ് ശര്‍മയുടെ സ്‌പൈക്ക് പുറത്തേക്കായതോടെ കാലിക്കറ്റ് രണ്ടാം സെറ്റ് പിടിച്ചു. പ്രതിരോധത്തില്‍ ഷമീം തിളങ്ങിയതോടെ കാലിക്കറ്റ് തിരിച്ചുവരികയായിരുന്നു. കൊല്‍ക്കത്ത സെറ്റര്‍ ജിതിന്റെ പ്രകടനത്തിലൂടെ തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഘട്ടത്തിലെല്ലാം കാലിക്കറ്റ് മികച്ച പ്രതിരോധം കാട്ടി തടഞ്ഞു. ആക്രമണനിരയില്‍ സന്തോഷും തരുഷ ചാമത് ഒരുപോലെ തിളങ്ങിയതോടെ കാലിക്കറ്റ് ഏകപക്ഷീയമായ സെറ്റുകള്‍ കുറിച്ച് മൂന്ന് പോയിന്റും സ്വന്തമാക്കി.

തങ്ങളുടെ സീസണിലെ അവസാന മത്സരത്തില്‍ ഞായറാഴ്ച കാലിക്കറ്റ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. നാളെ (ശനി) വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.

Image Caption

1.പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന കാലിക്കറ്റ് ഹീറോസ്-കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ നിന്ന്

2.പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെതിരായ മത്സരത്തില്‍ വിജയം ആഘോഷിക്കുന്ന കാലിക്കറ്റ് ഹീറോസ് ടീം