സീനിയര്‍ ഫുട്‌ബോള്‍: മലപ്പുറത്തെ തോല്‍പിച്ച് തൃശൂര്‍ സെമിഫൈനലില്‍

Newsroom

Picsart 25 10 16 18 40 34 929
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തെ തോല്‍പ്പിച്ച് തൃശൂര്‍ സെമിഫൈനലില്‍ കടന്നു. വൈകിട്ട് നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു തൃശൂരിന്റെ ജയം. 11ാം മിനിറ്റില്‍ ഹാഷിര്‍ നേടിയ ഗോളിലൂടെ മലപ്പുറം ലീഡ് നേടിയെങ്കിലും, പത്തുമിനിറ്റിനിടെ രണ്ടു ഗോളുകള്‍ എതിര്‍വലയിലെത്തിച്ച് തൃശൂര്‍ തിരിച്ചടിച്ചു.

1000291912

അജിത് കെ.എസ് (17), നാസര്‍ പി.എ (21) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍. മലപ്പുറം വിട്ടുകൊടുത്തില്ല, 27ാം മിനിറ്റില്‍ നന്ദുകൃഷ്ണയിലൂടെ സമനില പിടിച്ചു. എന്നാല്‍ ആദ്യപകുതിക്ക് തൊട്ടുമുമ്പ് സന്തോഷിന്റെ ഗോളില്‍ തൃശൂര്‍ ലീഡ് വീണ്ടെടുത്തു. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ തന്നെ മുഹമ്മദ് മുസമ്മില്‍ എതിര്‍വലയിലേക്ക് നിറയൊഴിച്ചതോടെ തൃശൂര്‍ കൂടുതല്‍ കരുത്തരായി. 67ാം മിനിറ്റില്‍ നന്ദുകൃഷ്ണ രണ്ടാം ഗോള്‍ നേടി ലീഡ് കുറച്ചെങ്കിലും തൃശൂരിനെ തളയ്ക്കാന്‍ അതുമതിയായില്ല. കരുത്തരുടെ പോരില്‍ തൃശൂര്‍ ജയിച്ചുകയറി. 19ന് വൈകിട്ട് 3.45ന് നടക്കുന്ന ആദ്യസെമിഫൈനലില്‍ കോട്ടയമാണ് തൃശൂരിന്റെ എതിരാളികള്‍.

രാവിലെ നടന്ന മത്സരത്തില്‍ കോഴിക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ച് ഇടുക്കി കാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി. മൂന്നാം മിനിറ്റില്‍ തന്നെ അജ്മല്‍ കാജയിലുടെ അക്കൗണ്ട്് തുറന്ന ഇടുക്കിക്ക് വേണ്ടി, 75ാം മിനിറ്റില്‍ അക്ഷയ് കുമാര്‍ സുബേദി വിജയഗോള്‍ നേടി. അവസാനമിനിറ്റ് വരെ പൊരുതിയെങ്കിലും കോഴിക്കോടിന് മറുപടിഗോള്‍ നേടാനായില്ല. നിലവിലെ റണ്ണേഴ്‌സ് അപ്പായ തിരുവനന്തപുരമാണ് ക്വാര്‍ട്ടറില്‍ ഇടുക്കിയുടെ എതിരാളികള്‍, ശനിയാഴ്ച്ച രാവിലെ 7.30നാണ് മത്സരം. ഇന്ന് രണ്ട് മത്സരങ്ങള്‍. രാവിലെ 7.30ന് കണ്ണൂര്‍ പാലക്കാടിനെയും, വൈകിട്ട് 3.45ന് എറണാകുളം ആലപ്പുഴയെയും നേരിടും. വിജയികള്‍ 18ന് വൈകിട്ട് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടും.