അർജന്റീനയുടെ അണ്ടർ-20 ദേശീയ ഫുട്ബോൾ ടീം യുവ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ മൊറോക്കോയാണ് അവരുടെ എതിരാളികൾ. കോച്ച് ഡീഗോ പ്ലാസെന്റയുടെ കീഴിൽ കളിക്കുന്ന യുവ ടീം, ആവേശം നിറഞ്ഞ സെമിഫൈനൽ പോരാട്ടത്തിൽ കൊളംബിയയെ 1-0 നാണ് മറികടന്നത്.

മത്സരത്തിലെ നിർണ്ണായക നിമിഷം പിറന്നത്, ജിയാൻലൂക്ക പ്രെസ്റ്റിയാനി നൽകിയ മികച്ച അസിസ്റ്റിൽ മാറ്റെയോ സിൽവെറ്റി വിജയം ഉറപ്പിച്ച ഗോൾ വലയിലെത്തിച്ചപ്പോഴാണ്.
ഗോൾകീപ്പർ സാന്റിനോ ബാർബിയും ടീമിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. അർജന്റീനയുടെ ലീഡ് നിലനിർത്താൻ നാല് നിർണായക സേവുകളാണ് അദ്ദേഹം നടത്തിയത്. സമ്മർദ്ദ നിമിഷങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ടൂർണമെന്റിലുടനീളം ടീമിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന അണ്ടർ-20 ലോകകപ്പ് കിരീടമാണ് അർജന്റീന ലക്ഷ്യമിടുന്നത്.