രഞ്ജി ട്രോഫിയിൽ കേരളത്തെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

Newsroom

Img 20251010 Wa0034
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം : രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് അസറുദ്ദീനാണ് ടീമിൻ്റെ ക്യാപ്റ്റൻ. സഞ്ജു സാംസനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റൻ. ഈ മാസം 15-നാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ് തുടക്കമാകുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മല്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ.

ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മിക്ക അംഗങ്ങളെയും ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ട്. സച്ചിൻ ബേബിക്ക് പകരം മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തിയതാണ് പ്രധാന മാറ്റം. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിനെ നയിച്ചതും അസറുദ്ദീനായിരുന്നു. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ അസറുദ്ദീൻ, ടീമിൻ്റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിലും നിർണ്ണായക പങ്കു വഹിച്ചു. അസറുദ്ദീനൊപ്പം, സഞ്ജു സാംസനും, രോഹൻ കുന്നുമ്മലും, സൽമാൻ നിസാറും, അഹ്മദ് ഇമ്രാനും, ബാബ അപരാജിത്തും, വത്സൽ ഗോവിന്ദും, ഷോൺ റോജറുമടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇത്തവണത്തേത്. നിധീഷ് എംഡി, ബേസിൽ എൻ പി, അങ്കിത് ശർമ്മ, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന ബൌളിങ് നിരയും കരുത്തുറ്റതാണ്.

തമിഴ്നാട് ബാറ്റർ ബാബ അപരാജിത്തും മധ്യപ്രദേശിൻ്റെ ഇടംകയ്യൻ സ്പിന്നർ അങ്കിത് ശർമ്മയുമാണ് ഇത്തവണത്തെ അതിഥി താരങ്ങൾ. ബാബ അപരാജിത്ത് കഴിഞ്ഞ സീസണിലും ടീമിനൊപ്പമുണ്ടായിരുന്നു.

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, , കർണ്ണാടക, സൌരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്.

കേരള ടീം – മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൻ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.

ഒഫീഷ്യൽസ്

നസീര്‍ മച്ചാന്‍ (ടീം മാനേജര്‍ ), അമയ് ഖുറേസിയ ( ഹെഡ് കോച്ച്), ഡേവിസ് ജെ മണവാളൻ ( കോച്ച്), വൈശാഖ് കൃഷ്ണ (സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിങ് കോച്ച്), ഉണ്ണികൃഷ്ണൻ ആർ എസ് ( ഫിസിയോതെറാപ്പിസ്റ്റ്), ഗിരീഷ് ഇ കെ ( ത്രോ ഡൌൺ സ്പെഷ്യലിസ്റ്റ്), ദീപേഷ് ശർമ്മ ( ത്രോ ഡൌൺ സ്പെഷ്യലിസ്റ്റ്), വിജയ് ശ്രീനിവാസൻ പി എസ് ( പെർഫോമൻസ് അനലിസ്റ്റ്), കിരൺ എ എസ് ( ടീം മെസ്സ്വർ)പി പ്രശാന്ത് (സെലക്ഷൻ കമ്മറ്റി ചെയർമാൻ)