പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെവീഴ്ത്തി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്

Newsroom

Img 20251007 Wa0039
Download the Fanport app now!
Appstore Badge
Google Play Badge 1

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ആദ്യ ജയം സ്വന്തമാക്കി. പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. നാല് സെറ്റ് പോരാട്ടത്തിലായിരുന്നു കൊച്ചി വീണത്. സ്‌കോര്‍: 12-15, 15-13, 15-6, 19-17. കൊച്ചിയുടെ രണ്ടാം തോല്‍വിയാണിത്. പങ്കജ് ശര്‍മയാണ് കളിയിലെ താരം. പരിക്കേറ്റ ക്യാപ്റ്റന്‍ വിനിത് കുമാര്‍ പുറത്തായതിനാല്‍ മലയാളി താരം എറിന്‍ വര്‍ഗീസിനെ നായകനാക്കിയാണ് കൊച്ചി മൂന്നാം മത്സരത്തിനിറങ്ങിയത്.

1000284311

ഗോവ ഗാര്‍ഡിയന്‍സുമായുള്ള കളിയിലെ ജയത്തിനുശേഷം തിരിച്ചെത്തിയ കൊച്ചി മികച്ച തുടക്കം കുറിച്ചു. ഹേമന്തിന്റെ കരുത്തുറ്റ സെര്‍വുകളിലൂടെയായിരുന്നു തുടക്കം. എന്നാല്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അശ്വല്‍ റായിയുടെ പുറത്തുനിന്നുള്ള കിടിലന്‍ സ്മാഷുകള്‍ കളിയില്‍ സ്വാധീനമുണ്ടാക്കി. അതേസമയം, കൊച്ചി പ്രതിരോധത്തിന്റെ ഏറ്റവും വെല്ലുവിളിയായി നിന്നത് പങ്കജ് ശര്‍മയായിരുന്നു. തുടക്കംമുതല്‍ അത് വ്യക്തമായി. കൊല്‍ക്കത്തയെ ആശയക്കുഴപ്പത്തിലാക്കാന്‍ കൊച്ചി സെറ്റര്‍ ബയ്‌റണ്‍ കെറ്റുകിറാസിന്റെ പാസുകള്‍ക്ക് കഴിഞ്ഞിരുന്നു. ഇരുവശത്തെയും പ്രതിരോധനിര ശക്തമായിരുന്നു. അറ്റാക്കര്‍ക്കമാര്‍ക്ക് വിടവ് കണ്ടെത്തുവാന്‍ പ്രയാസകരമായി.

ഇതിനിടെ അഭിഷേകിന്റെ സൂപ്പര്‍ സെര്‍വ് കൊച്ചി ആരാധകര്‍ക്ക് ആഹ്ലാദം പകര്‍ന്നു. എന്നാല്‍ ക്യാപ്റ്റന്‍ എറിന്‍ വര്‍ഗീസിന്റെ പുറത്തേക്കുള്ള അടി സൂപ്പര്‍ പോയിന്റ് നഷ്ടമാകാന്‍ കാരണമായി. പിന്നാലെ സ്വയം വരുത്തിയ പിഴവുകളും കൊച്ചിക്ക് വിനയായി മാറുകയായിരുന്നു. പങ്കജും അശ്വലും ചേര്‍ന്ന് കൊല്‍ക്കത്തയുടെ ആക്രമണം തുടര്‍ന്നു. മാര്‍ടിന്‍ ടകവാറിന്റെ സാന്നിധ്യം കൊല്‍ക്കത്ത മധ്യനിരയ്ക്ക് കരുത്ത് നല്‍കി. ഇതോടെ കളിഗതി പൂര്‍ണമായും കൊല്‍ക്കത്തയുടെ ഭാഗത്തേക്ക് മാറുകയായിരുന്നു. മുഹമ്മദ് ഇഖ്ബാല്‍ മറ്റൊരു പോയിന്റ് കൂടി നേടിയതോടെ കൊച്ചിക്ക് സമ്മര്‍ദം കൂടി. പക്ഷേ, അവസാന വിസില്‍വരെ കൊച്ചി പൊരുതി. എന്നാല്‍ കൃത്യസമയത്തുള്ള മാര്‍ട്ടിന്റെ ബ്ലോക്ക് കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യ ജയമൊരുക്കി. നാളെ (ബുധനാഴ്ച) വൈകിട്ട് 6.30ന് മുംബൈ മിറ്റിയോഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും.

Image Caption

പ്രൈം വോളിബോള്‍ ലീഗില്‍ ചൊവ്വാഴ്ച്ച നടന്ന കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്-കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ നിന്ന്