കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ നാലാം റൌണ്ട് മത്സരങ്ങൾക്ക് തുടക്കം

Newsroom

Cricket
Download the Fanport app now!
Appstore Badge
Google Play Badge 1

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ നാലാം റൌണ്ട് മല്സരങ്ങളിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനും തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനും ഭേദപ്പെട്ട സ്കോർ.വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ആദ്യ ഇന്നിങ്സിൽ 283 റൺസ് നേടി. സസെക്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 237ഉം ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ RSC SG ക്രിക്കറ്റ് സ്കൂൾ 206 റൺസും നേടി.

ക്യാപ്റ്റൻ ഇഷാൻ എം രാജിൻ്റെയും ഓൾ റൌണ്ടർ അഭിനവ് ആർ നായരുടെയും തകർപ്പൻ ഇന്നിങ്സുകളാണ് ലിറ്റിൽ മാസ്റ്റേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇഷാൻ 92ഉം അഭിനവ് 90ഉം റൺസ് നേടി. ശ്രാവൺ സുരേഷ് 44 റൺസെടുത്തു. വിൻ്റേജിന് വേണ്ടി നൈജിൻ കെ പ്രവിലാൽ മൂന്നും ആനന്ദ് സായ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻ്റേജ് ഒരു വിക്കറ്റ് നഷ്ടത്തിൽ 22 റൺസെന്ന നിലയിലാണ്.തൊടുപുഴ കെസിഎ ഗ്രൌണ്ട് ഒന്നിലാണ് മല്സരം നടക്കുന്നത്.

കെസിഎ ഗ്രൌണ്ട് രണ്ടിൽ നടന്ന മല്സരത്തിൽ സസെക്സിനെതിരെ ക്യാപ്റ്റൻ അഭിഷേക് അഭിയാണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. അഭിഷേക് 62ഉം മൊഹമ്മദ് ഖാസിം 55ഉം ഡാരിൻ എബ്രഹാം 48ഉം മാധവ് വിനോദ് 47ഉം റൺസ് നേടി. സസെക്സിന് വേണ്ടി ശ്രീരാഗും മയൂഖ് തയ്യിലും മൂന്ന് വിക്കറ്റ് വീതവും പീർ അഫ്താബ് രണ്ടും വിക്കറ്റും നേടി.

തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജിൽ നടന്ന മല്സരത്തിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ RSC SG ക്രിക്കറ്റ് സ്കൂൾ 206 റൺസിന് ഓൾ ഔട്ടായി. ആർ അശ്വിൻ വാലറ്റത്ത് നടത്തിയ ചെറുത്തുനില്പാണ് RSC SG ക്രിക്കറ്റ് സ്കൂളിൻ്റെ സ്കോർ 200 കടത്തിയത്. അശ്വിൻ 69 റൺസെടുത്തു. ആത്രേയയ്ക്ക് വേണ്ടി കെ എസ് നവനീതും ധീരജ് ഗോപിനാഥും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ്.