സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Picsart 25 10 03 10 18 39 816
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, 03 ഒക്ടോബർ 2025: പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി.

സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തും ഉള്ള കോൾഡോ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ മുതൽക്കൂട്ടാകും. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്.

ബാസ്‌ക് കൺട്രിയിലെ ജെർണിക്കയിൽ ജനിച്ച കോൾഡോ, തന്റെ ഹോംടൗൺ ക്ലബ്ബായ ജേർണികയിൽ നിന്നാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2012-ൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ്.ഡി. അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.

ആറടി ഉയരമുള്ള കോൾഡോ, ബോക്സിനുള്ളിലെ കരുത്തിനും കൃത്യമായ പൊസിഷനിംഗിനും പേരുകേട്ട താരമാണ്. എയറിൽ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിംഗ് മികവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന് പുതിയ ഊർജ്ജം പകരും. പ്രധാനമായും മുന്നേറ്റനിരയിൽ കളിക്കുന്ന താരം, സമീപ വർഷങ്ങളിൽ വിവിധ ഫോർവേഡ് റോളുകളിലേക്ക് മാറിയും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

കോൾഡോ യുടെ ടീമിലേക്ക് ഉള്ള വരവിനെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്: “സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ച് പരിചയമുള്ള ഒരു മികച്ച ഫോർവേഡ് പ്ലെയറാണ് കോൾഡോ. ഞങ്ങളുടെ അറ്റാക്ക് നിരയ്ക്ക് അദ്ദേഹത്തിന്റെ കഴിവുകൾ കൂടുതൽ കരുത്ത് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

കോൾഡോ ഒബിയേറ്റയുടെ പ്രതികരണം: “എനിക്ക് ഈ ഓഫർ ലഭിച്ചപ്പോൾ, ക്ലബ്ബിനെക്കുറിച്ച് ഞാൻ ഇൻ്റർനെറ്റിൽ തിരഞ്ഞു, ആരാധകരെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കണ്ടു. ഈ കുടുംബത്തിൻ്റെ ഭാഗമായതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. കളിക്കളത്തിൽ ഇറങ്ങാനും എൻ്റെ ഏറ്റവും മികച്ച പ്രകടനം നൽകാനും ഞാൻ കാത്തിരിക്കുകയാണ്”

സി.ഇ.ഒ. അഭിക് ചാറ്റർജി കൂട്ടിച്ചേർത്തു: “ഈ സീസണിലെ ഞങ്ങളുടെ ആദ്യ വിദേശ താരമായി കോൾഡോ ഒബിയേറ്റയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ പരിചയസമ്പത്തും മുന്നേറ്റത്തിൽ ഗോളുകൾ നേടാനുള്ള കഴിവും ടീമിന് കരുത്തു നൽകുമെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.”

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ-സീസൺ ക്യാമ്പ് ഈ മാസം 7 ന് ഗോവയിൽ ആരംഭിക്കുന്നതോടെ കോൾഡോയും ടീമിനൊപ്പം ചേരും. അദ്ദേഹത്തെ കൂടാതെ, ഈ സീസണിൽ പുതുതായി കരാറിലെത്തിയ മറ്റു താരങ്ങളും ഗോവയിൽ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.