ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങൾക്ക് സമീപകാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് തിരിച്ചു വന്നു തോൽപ്പിച്ചു ആഴ്‌സണൽ. 2-1 നു ആയിരുന്നു ആർട്ടെറ്റയുടെ ടീമിന്റെ ജയം. സാകയും എസെയും ട്രോസാർഡും ഗ്യോകെറസും മുന്നേറ്റത്തിൽ ഇറങ്ങിയ ആഴ്‌സണൽ ആക്രമണ ഫുട്‌ബോൾ ആണ് കളിച്ചത്. എസെയുടെ മികച്ച 2 ഷോട്ടുകൾ അസാധ്യമായ വിധമാണ് നിക് പോപ്പ് തടഞ്ഞിട്ടത്. 15 മത്തെ മിനിറ്റിൽ പോപ്പ് ഗ്യോകെറസിനെ വീഴ്ത്തിയതിനു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി ലഭിച്ചു. എന്നാൽ വാർ പരിശോധനക്ക് ശേഷം ഇത് റഫറി പിൻവലിച്ചു. പോപ്പിന്റെ കാലിൽ പന്ത് തട്ടിയിരുന്നു എന്ന കാരണത്താൽ ആയിരുന്നു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി നിഷേധിച്ചത്.
ഇതിൽ ആഴ്‌സണൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായില്ല. 34 മത്തെ മിനിറ്റിൽ സലിബക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം മസ്ക്വര അനാവശ്യമായ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ന്യൂകാസ്റ്റിൽ ഗോൾ കണ്ടെത്തി. ടൊണാലിയുടെ ഉഗ്രൻ ക്രോസിൽ നിന്നു പുതിയ ന്യൂകാസ്റ്റിൽ സ്‌ട്രൈക്കർ നിക് വോൾട്ടമെഡ് മികച്ച ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. താരം ഫൗൾ ചെയ്തത് ആയി ഗബ്രിയേൽ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. തുടർന്നും സമനിലക്ക് ആയി ആഴ്‌സണൽ നിരന്തരം ആക്രമിച്ചു കളിച്ചു. രണ്ടാം പകുതിയിൽ സലിബയെയും ആർട്ടെറ്റ ഇറക്കി. ഇടക്ക് സുബിമെന്റിയുടെ ക്രോസിൽ നിന്നുള്ള ടിംമ്പറിന്റെ ഹെഡർ ശ്രമവും പോപ്പ് അവിശ്വസനീയം ആയ വിധം തട്ടി അകറ്റി. അവസാന നിമിഷങ്ങളിൽ മെറീനോയെയും പരിക്ക് മാറി എത്തിയ ഒഡഗാർഡിനെയും കൊണ്ടു വന്ന ആർട്ടെറ്റയുടെ നീക്കം ഫലം കണ്ടു.
84 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ആഴ്‌സണൽ അർഹിച്ച സമനില ഗോൾ കണ്ടെത്തി. ഡക്ലൻ റൈസിന്റെ മികച്ച ക്രോസിൽ നിന്നു ബുദ്ധിപരമായ ഹെഡറിലൂടെ മുൻ ന്യൂകാസ്റ്റിൽ താരം കൂടിയായ മിഖേൽ മെറീനോ ആഴ്‌സണലിന് സമനില നൽകി. തുടർന്ന് ജയത്തിനായി ആയി ആഴ്‌സണൽ ശ്രമം. ഇടക്ക് ഗബ്രിയേൽ ഹാന്റ് ബോളിന് പെനാൽട്ടിക്ക് ആയി ന്യൂകാസ്റ്റിൽ അപ്പീൽ ചെയ്തെങ്കിൽ റഫറി അത് അനുവദിച്ചില്ല. ഇടക്ക് ലിവർമെന്റോ പരിക്കേറ്റ് സ്ട്രകച്ചറിൽ കളം വിട്ടതും കാണാൻ ആയി. ഒടുവിൽ 96 മത്തെ മിനിറ്റിൽ ഒഡഗാർഡിന്റെ ഉഗ്രൻ കോർണറിൽ നിന്നു തന്നെ വളഞ്ഞ ന്യൂകാസ്റ്റിൽ താരങ്ങളെ മറികടന്നു ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു. കഴിഞ്ഞ 2 സീസണിലും തോൽവി അറിഞ്ഞ മൈതാനത്തെ ജയിച്ചത്തോടെ 6 മത്സരങ്ങൾക്ക് ശേഷം 13 പോയിന്റുകളും ആയി ലിവർപൂളിന് 2 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് ആഴ്‌സണൽ ഇപ്പോൾ.