ഇന്ത്യ ഏഷ്യാ കപ്പ് ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന സൂപ്പർ ഫോർ പോരാട്ടാത്തിൽ 41 റൺസിന് ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യ ജയം ഉറപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 169 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 127 റൺസിന് പുറത്താവുക ആയിരുന്നു.

ഓപ്പണർ സൈഫ് ഹസന്റെ പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശങ്ക നൽകിയത്. സൈഫ് 51 പന്തിൽ നിന്ന് 69 റൺസ് എടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ ആയി. സൈഫ് അല്ലാതെ 21 റൺസ് എടുത്ത പർവേസ് ഹുസൈൻ മാത്രമാണ് രണ്ടക്കം കണ്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. തകർപ്പൻ പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മയുടെ 75 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.

37 പന്തിൽ 6 ഫോറും 5 സിക്സുമടക്കം 75 റൺസ് നേടിയാണ് അഭിഷേക് ശർമ്മ ഇന്ത്യൻ സ്കോർ ഉയർത്തിയത്. പിന്നീട് റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. ശുഭ്മാൻ ഗിൽ 19 പന്തിൽ 29 റൺസെടുത്ത് മികച്ച പിന്തുണ നൽകി. അഭിഷേക് ശർമ്മയും ഗില്ലും ചേർന്ന് 77 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഹാർദിക് പാണ്ഡ്യ 29 പന്തിൽ 38 റൺസ് നേടി നിർണ്ണായക സംഭാവന നൽകി. 4 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്. അക്സർ പട്ടേൽ 15 പന്തിൽ 10 റൺസെടുത്ത് പുറത്താകാതെ നിന്നു. തിലക് വർമ്മ, സൂര്യകുമാർ യാദവ് എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. മുസ്തഫിസുർ റഹ്മാൻ, മുഹമ്മദ് സൈഫുദ്ദീൻ, തൻസിം ഹസൻ സാകിബ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അഭിഷേക് ശർമ്മയും ഗില്ലും തമ്മിലുള്ള 77 റൺസിന്റെയും പാണ്ഡ്യയും അക്സറും തമ്മിലുള്ള 39 റൺസിന്റെയും കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന് വലിയ മുതൽക്കൂട്ടായി. ഈ വിജയത്തോടെ ഇന്ത്യ ഫൈനലിൽ എത്തുകയും ശ്രീലങ്ക പുറത്താവുകയും ചെയ്തു. നാളെ നടക്കുന്ന ബംഗ്ലാദേശ് പാകിസ്ഥാൻ മത്സരത്തിലെ വിജയികളാകും ഫൈനലിലെ ഇന്ത്യയുടെ എതിരാളികൾ.