നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം, നാലാം സ്ഥാനത്ത് എത്തി സച്ചിന്‍ യാദവ്

Sports Correspondent

Neerajchopra
Download the Fanport app now!
Appstore Badge
Google Play Badge 1

ടോക്കിയോയിലെ ജപ്പാന്‍ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്സ് 2025ലെ ജാവ്‍ലിന്‍ മത്സരത്തിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ മെഡൽ പ്രതീഷയായ നീരജ് ചോപ്ര അവസാന റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്താകുകയായിരുന്നു.  84.03 മീറ്റര്‍ എറിഞ്ഞ നീരജ് ചോപ്ര എട്ടാം സ്ഥാനത്താണ് എത്തിയത്. അതേ സമയം ഇന്ത്യയുടെ മറ്റൊരു താരം സച്ചിന്‍ യാദവ് (86.27) നാലാം സ്ഥാനത്ത് എത്തി. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമിനും മികവ് പുലര്‍ത്താനായില്ല.

മത്സരത്തിൽ ട്രിനിഡാഡ് & ടൊബാഗോയുടെ കെര്‍ഷോൺ വാൽകോട്ട് (87.83) സ്വര്‍ണ്ണവും ഗ്രനേഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് (87.38) വെള്ളിയും അമേരിക്കയുടെ കര്‍ടിസ് തോംപ്സൺ (86.67) വെങ്കല മെഡലും നേടി.

ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അമേരിക്കയുടെ കര്‍ടിസ് തോംപ്സൺ 86.67 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ സച്ചിന്‍ യാദവ് 86.27 മീറ്റര്‍ താണ്ടി രണ്ടാം സ്ഥാനത്തും ആയിരുന്നു. നീരജ് ചോപ്ര ആന്‍ഡേഴ്സൺ പീറ്റേഴ്സിന് പിന്നിൽ നാലാം സ്ഥാനത്തായിരുന്നു.

രണ്ടാം റൗണ്ടിൽ ലീഡ് നില മാറി മറിയുന്നതാണ് കണ്ടത്. ആന്‍ഡേഴ്സൺ പീറ്റേഴ്സ് 87.38 മീറ്റര്‍ എറിഞ്ഞ് ലീഡിലേക്ക് എത്തിയെങ്കിലും അധികം വൈകാതെ തന്നെ 87.83 മീറ്റര്‍ ദൂരത്തേക്ക് ജാവ്‍ലിന്‍ പായിച്ച് പീറ്റേഴ്സിനെ മറികടന്ന് വാള്‍കോട്ട് ഒന്നാം സ്ഥാനത്തേക്ക് എത്തി.

രണ്ടാം റൗണ്ടിലെ ഈ പ്രകടനത്തിനെ വെല്ലുന്ന പ്രകടനം ഈ താരങ്ങള്‍ക്കോ മറ്റു താരങ്ങള്‍ക്കോ നടത്താനായില്ല.