ഹോങ്കോങ്: ഇന്ത്യയുടെ സ്റ്റാർ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഹോങ്കോങ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ജുനൈദി ആരിഫ്-റോയ് കിംഗ് യാപ് സഖ്യത്തെ ഒരു മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം. സ്കോർ: 21-14, 20-22, 21-16.

എട്ടാം സീഡായ ഇന്ത്യൻ ജോഡിക്ക് ആധികാരികമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചെങ്കിലും വിജയം അനായാസമായിരുന്നില്ല. സാത്വിക് മുന്നിൽ നിന്ന് നയിച്ചപ്പോൾ, സർവീസുകളിലും ചില കോർട്ട് ജഡ്ജ്മെന്റുകളിലും ചിരാഗ് പതറുന്നത് കാണാമായിരുന്നു.
നേരത്തെ പ്രീ-ക്വാർട്ടറിൽ തായ്ലൻഡിന്റെ പീരച്ചായ് സുക്ഫുൻ-പക്കോൺ തീരരത്സകുൽ സഖ്യത്തെ ഒരു ഗെയിമിന് പിന്നിൽ നിന്ന ശേഷം 18-21, 21-15, 21-11 എന്ന സ്കോറിന് തോൽപ്പിച്ചാണ് സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിലെത്തിയത്.