2025-26 പ്രീമിയർ ലീഗ് സീസൺ ആരംഭിച്ച് മൂന്ന് മത്സരങ്ങൾ മാത്രം പിന്നിട്ടപ്പോൾ പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയതിന് പിന്നാലെ, പുതിയ പരിശീലകനായി ആഞ്ചെ പോസ്റ്റെകോഗ്ലുവിനെ നിയമിക്കാൻ നോട്ടിംഗ്ഹാം ഫോറസ്റ്റ് തീരുമാനിച്ചു. ടോട്ടൻഹാം ഹോട്‌സ്പറിനൊപ്പം യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം അടുത്തിടെ ടോട്ടൻഹാമുമായി വേർപിരിഞ്ഞ 60-കാരനായ പോസ്റ്റെകോഗ്ലു ഉടൻ തന്നെ ഫോറസ്റ്റിന്റെ ചുമതലയേൽക്കും.
സിറ്റി ഗ്രൗണ്ടിൽ ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിലായിരിക്കും അദ്ദേഹത്തിന്റെ അരങ്ങേറ്റം. മുൻ സ്പർസ് പരിശീലക സംഘത്തിലെ നിരവധി അംഗങ്ങളും ഫോറസ്റ്റിലെ പുതിയ വെല്ലുവിളിയിൽ പോസ്റ്റെകോഗ്ലുവിനൊപ്പം ചേരും.
ക്ലബിന്റെ പുതിയ ഗ്ലോബൽ ഹെഡ് ഓഫ് ഫുട്ബോൾ എഡുവുമായി നൂനോക്ക് ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്നു. ഫോറസ്റ്റ് ഉടമയായ ഇവാഞ്ചലോസ് മാരിനാകിസുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നില്ല. ഇതെല്ലാമാണ് നൂനോയെ പുറത്താക്കാൻ കാരണം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫോറസ്റ്റിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനും യൂറോപ്പ ലീഗ് യോഗ്യത നേടാനും നൂനോക്ക് സാധിച്ചിരുന്നു. 30 വർഷത്തിന് ശേഷമാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് ഒരു യൂറോപ്യൻ പോരാട്ടത്തിന് യോഗ്യത നേടുന്നത്. ഇത്ര മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ക്ലബ് നേതൃത്വവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം വഷളായത് നൂനോയെ പുറത്താക്കുന്നതിലേക്ക് നയിച്ചു.