ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (എൻസിഎ) ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ റിഷഭ് പന്ത് പുനരധിവാസം ആരംഭിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാൽപാദത്തിനുണ്ടായ പരിക്ക് കാരണമാണ് അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം ടെസ്റ്റിനിടെയായിരുന്നു പന്തിന് പരിക്കേറ്റത്. എന്നിരുന്നാലും, പരിക്ക് വകവെക്കാതെ ബാറ്റിംഗിനിറങ്ങിയ പന്ത് നിർണ്ണായകമായ ഒരു അർദ്ധസെഞ്ച്വറി നേടിയിരുന്നു.

തുടർന്ന് മുംബൈയിലെ സ്പെഷ്യലിസ്റ്റുകളെ കണ്ട ശേഷം ഇപ്പോൾ എൻസിഎയിൽ തിരിച്ചുവരവിനായുള്ള കഠിന പരിശീലനത്തിലാണ് പന്ത്. ഒക്ടോബർ 2-ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ടീമിലേക്ക് മടങ്ങിയെത്താനാണ് താരം ലക്ഷ്യമിടുന്നത്.
ആക്രമണോത്സുകമായ ബാറ്റിംഗും വിശ്വസനീയമായ വിക്കറ്റ് കീപ്പിംഗും ഇന്ത്യൻ ടീമിന് വലിയൊരു മുതൽക്കൂട്ടാണ്. അതുകൊണ്ടുതന്നെ പന്തിന്റെ തിരിച്ചുവരവിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. എൻസിഎയിലെ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ പരിക്ക് ഭേദമാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് പന്ത്.