കാർലോസ് അൽകാരസ് നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് യു എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി. 22-കാരനായ സ്പാനിഷ് താരം 6-4, 7-6 (7/4), 6-2 എന്ന സ്കോറിന് ആണ് 38-കാരനായ ഇതിഹാസ താരത്തെ കീഴ്പ്പെടുത്തിയത്. ഇതോടെ, റെക്കോർഡ് 25-ആം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടാനുള്ള ജോക്കോവിച്ചിന്റെ സ്വപ്നം നീണ്ടു.

ഈ വിജയത്തോടെ അൽകാരസ് തന്റെ രണ്ടാം യുഎസ് ഓപ്പൺ ഫൈനലിലെത്തി. അതുകൂടാതെ ഹാർഡ് കോർട്ടിൽ ജോക്കോവിച്ചിനെതിരെ അൽകാരസിന്റെ ആദ്യ വിജയം കൂടിയാണിത്.
ആദ്യ ഗെയിം മുതൽ കളി നിയന്ത്രിച്ചത് അൽകാരസായിരുന്നു, തുടക്കത്തിൽ തന്നെ ജോക്കോവിച്ചിനെ ബ്രേക്ക് ചെയ്ത് താരം തന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാം സെറ്റിൽ ജോക്കോവിച്ച് 3-0ന് മുന്നിലെത്തി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, സ്പാനിഷ് താരത്തിന്റെ ഊർജ്ജസ്വലത കളിയുടെ ഗതി മാറ്റി. തിരിച്ചെത്തിയ അൽകാരസ്, ടൈബ്രേക്ക് നേടി, ലീഡ് വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു.
ഇനി എല്ലാവരുടെയും കണ്ണുകൾ, നിലവിലെ ചാമ്പ്യൻ യാനിക് സിന്നർ-ഉം അൽകാരസ്-ഉം ഫൈനലിൽ ഏറ്റുമുട്ടുമോ എന്ന അറിയാനുള്ള രണ്ടാം സെമി പോരാട്ടത്തിലേക്കാണ്. കനേഡിയൻ താരം ഫെലിക്സ് ഓഗർ-അലിയാസിമെയുമായാണ് സിന്നറിന്റെ സെമി പോരാട്ടം.