ബയേർ ലെവർകൂസെൻ മാനേജർ എറിക് ടെൻ ഹാഗിനെ ഔദ്യോഗികമായി പുറത്താക്കി. ഇന്ന് രാവിലെയാണ് ക്ലബ്ബ് അധികൃതർ ഈ തീരുമാനം പ്രഖ്യാപിച്ചത്. സാബി അലോൺസോയുടെ പിൻഗാമിയായി ഈ സീസണിന്റെ തുടക്കത്തിലാണ് ഡച്ച് പരിശീലകനായ ടെൻ ഹാഗ് ലെവർകൂസെനിൽ ചേർന്നത്.
മൂന്ന് ബുണ്ടസ്ലിഗ മത്സരങ്ങൾ മാത്രമാണ് ടെൻ ഹാഗ് ലെവർകൂസെൻ പരിശീലകനായി ഉണ്ടായിരുന്നത്. ഈ മത്സരങ്ങളിൽ ടീമിൻ്റെ പ്രകടനം വളരെ മോശമായിരുന്നു. വെർഡർ ബ്രെമനെതിരെ 3-1ന് മുന്നിട്ടു നിന്ന ശേഷം സമനില വഴങ്ങിയത് ക്ലബ്ബ് നേതൃത്വത്തെ ചൊടിപ്പിച്ചു. കഴിഞ്ഞ സീസണിലെ പ്രമുഖ കളിക്കാരെ നഷ്ടപ്പെട്ടതും മോശം പ്രകടനങ്ങൾ ടീമിന്റെ താളം തെറ്റിച്ചതും അദ്ദേഹത്തിന്റെ പുറത്താക്കലിന് കാരണമായി.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കിരീടങ്ങൾ നേടിയുള്ള പാരമ്പര്യമുണ്ടായിട്ടും ജർമ്മനിയിൽ ടെൻ ഹാഗിന്റെ തുടക്കം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല. പ്രീ-സീസണിലും ബുണ്ടസ്ലിഗയിലും ടീമിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചിരുന്നില്ല. ഈ മോശം തുടക്കത്തിന് ശേഷം ടീമിനെ ശരിയായ പാതയിലേക്ക് നയിക്കാൻ ഒരു മാറ്റം ആവശ്യമാണെന്ന് ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.