ലീഡ്സ് യുണൈറ്റഡിനു എതിരായ മത്സരത്തിന് മുമ്പ് ആഴ്‌സണൽ എബിറെചി എസെയെ തങ്ങളുടെ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുമ്പോൾ അവിടെ യാഥാർഥ്യമാകുന്നത് ഒരു 13 കാരന്റെ എപ്പോഴത്തെയും വലിയ സ്വപ്നത്തിനാണ്. സാക്ഷാൽ ഡെന്നിസ് ബെർക്യാമ്പ് അണിഞ്ഞ ആഴ്‌സണലിന്റെ ഐതിഹാസികമായ പത്താം നമ്പർ ജേഴ്സി ഇനി മുതൽ എസെ എന്ന 27 കാരൻ അണിയുമ്പോൾ അതിനു പുറകിൽ ഒരു സിനിമ കഥയെ വെല്ലുന്ന ഒരു മനോഹരമായ ത്രില്ലർ പ്രണയ കഥയുണ്ട്. ആഴ്‌സണൽ അക്കാദമിയിൽ വലിയ സ്വപ്നങ്ങളും ആയി തിയറി ഒൻറിയെ ആരാധിച്ചു കളി തുടങ്ങുന്ന ഒരു കുട്ടിയിൽ നിന്നു തുടങ്ങുന്ന കഥ. എട്ടാം വയസ്സു മുതൽ തന്റെ എല്ലാമായ ആ അക്കാദമിയിൽ നിന്നു 13 മത്തെ വയസ്സിൽ ആ കുട്ടി പക്ഷെ നേരിടുന്നത് ഹൃദയം തകർക്കുന്ന വാർത്ത ആയിരുന്നു. തങ്ങളുടെ അക്കാദമിയിൽ ആ കുട്ടിക്ക് ഭാവിയില്ലെന്നു കാണുന്ന ആഴ്‌സണൽ 2011 ൽ അവനെ റിലീസ് ചെയ്യുന്നു. പിന്നീട് ഓർത്ത് എടുക്കുമ്പോൾ അഭിമുഖങ്ങളിൽ ഒരാഴ്ച താൻ അതോർത്ത് കരഞ്ഞു എന്നാണ് അവൻ തുടർന്ന് പറയുന്നത്. തുടർന്ന് ലണ്ടനിൽ തന്നെ ഫുൾഹാം അക്കാദമിയിൽ, റീഡിങ് അക്കാദമിയിൽ, മിൽവാൽ അക്കാദമിയിൽ ഒക്കെ ഭാഗ്യം പരീക്ഷിക്കുന്ന അവനു പക്ഷെ നിരാശ തന്നെ ആയിരുന്നു ഫലം. ഓരോ ക്ലബുകളും അവനെ കൈവിട്ടു.
ആ ദിനങ്ങളിൽ ഒന്നാണ് അവൻ ‘ഒരു നാൾ ഞാൻ എന്റെ സ്വപ്നം നിറവേറ്റും, അന്ന് ഞാൻ ഈ ട്വീറ്റ് നിങ്ങളെ കാണിക്കും’ എന്നു ട്വീറ്റ് ചെയ്യുന്നത്. എന്നാൽ തന്റെ പ്രിയ ക്ലബ് ആഴ്‌സണലിൽ നിന്നു റിലീസ് ചെയ്തപ്പോൾ കരഞ്ഞ പോലെ അവൻ പിന്നീട് ഒരിക്കലും കരഞ്ഞില്ല കാരണം ആ വേദന, ആ കണ്ണീർ അവനെ അപ്പോഴേക്കും എന്തും നേരിടാൻ ശക്തൻ ആക്കിയിരുന്നു. തുടർന്ന് 2016 ൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിൽ എത്തുന്നതോടെ ആ ടീനേജറുടെ കരിയർ തന്നെ മാറുക ആയിരുന്നു. ഇടക്ക് ലോണിൽ പോയെങ്കിലും 2018-19, 2019-20 സീസണുകളിൽ തന്റെ മികവ് ഇംഗ്ലീഷ് ഫുട്‌ബോളിന് ആ താരം കാണിച്ചു കൊടുക്കുക തന്നെ ആയിരുന്നു. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ എസെ QPR നു ഒപ്പം മിന്നി തിളങ്ങി. തന്റെ വേഗതയും ഡ്രിബിളിങ് മികവും ഷോട്ടുകളുടെ ശക്തിയും ഒക്കെ എസെ ലോകത്തിനു കാണിച്ചു. ഒപ്പം ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായും എസെ മാറി. ചാമ്പ്യൻഷിപ്പിൽ 2019-20 ൽ 14 ഗോളുകൾ നേടിയ എസെയെ തേടി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നു ക്രിസ്റ്റൽ പാലസ് എത്തി. 16 മില്യൺ പൗണ്ടിനു പാലസിലേക്ക് അന്ന് ചേക്കേറിയ എസെ 5 സീസണുകൾക്ക് ഇപ്പുറം പാലസിന്റെ ഏറ്റവും വലിയ ഇതിഹാസതാരങ്ങളിൽ ഒരാളാണ്. 147 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു 34 ഗോളുകളും 23 അസിസ്റ്റുകളും നേടിയ എസെ പാലസിന് സമ്മാനിച്ചത് സ്വപ്ന സമാന നേട്ടങ്ങൾ ആണ്.
എസെയും, ഒലിസെയും ചേർന്നു പ്രീമിയർ ലീഗിൽ ഏത് വമ്പന്മാർക്കും പേടി സ്വപ്നം ആയ കാലത്ത് പാലസ് അത്രക്ക് സുന്ദരമായി ആണ് കളിച്ചത്. ആ സമയത്ത് തന്നെ ഇംഗ്ലണ്ട് ടീമിനായി എസെ അരങ്ങേറ്റവും കുറിച്ചു. തുടർന്ന് ഒലിസെ ബയേണിലേക്ക് ചേക്കേറിയ ശേഷവും ഒളിവർ ഗ്ലാസ്നർക്ക് കീഴിൽ എസെ പാലസ് ആരാധകർക്ക് സ്വർഗം തന്നെയാണ് സമ്മാനിച്ചത്. നൂറ്റാണ്ട് അടുത്ത് ചരിത്രത്തിൽ ആദ്യമായി ക്രിസ്റ്റൽ പാലസ് ഫുട്‌ബോൾ ക്ലബിനു ഒരു പ്രധാന കിരീടം എസെ സമ്മാനിച്ചു. എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പാലസ് വീഴ്ത്തുമ്പോൾ ഗോൾ നേടുന്നതും എസെ അല്ലാതെ മറ്റാരും ആയിരുന്നില്ല. ആ ജയത്തോടെ പാലസിന് ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ ഫുട്‌ബോൾ യോഗ്യതയും എസെ നേടി നൽകുന്നുണ്ട്. ഈ സീസൺ തുടക്കത്തിൽ ലിവർപൂളിനെ വീഴ്ത്തി എഫ്.എ പാലസ് കമ്മ്യൂണിറ്റി ഷീൽഡ് നേടുമ്പോഴും എസെ ടീമിന്റെ പ്രധാന ശക്തിയായി. തന്നെ ഭയങ്കരമായി സ്നേഹിക്കുന്ന ആരാധകർ ഉണ്ടെങ്കിലും പക്ഷെ ഈ സീസണിൽ ക്ലബ് വിടാനുള്ള തീരുമാനം എസെ എടുത്തിരുന്നു. കൂടുതൽ കിരീടങ്ങളും ചാമ്പ്യൻസ് ലീഗിൽ കളിക്കുക എന്ന മോഹവും എല്ലാം അതിനു പിറകിൽ ഉണ്ടായിരുന്നു. ഉറപ്പായും മുമ്പ് പലപ്പോഴും പരസ്യമായി പറഞ്ഞ പോലെ എസെക്ക് ഒരേയൊരു സ്വപ്ന ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. 13 മത്തെ വയസ്സിൽ തന്നെ മടക്കി അയച്ച തന്റെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്, ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ്. ട്രാൻസ്‌ഫർ വിൻഡോ തുറക്കും മുമ്പ് തന്നെ കാര്യങ്ങൾ എല്ലാം പ്രതീക്ഷിച്ച പോലെയാണ് നടന്നത്. എസെയെ ബന്ധപ്പെട്ട ആഴ്‌സണൽ, താരത്തെ സ്വന്തമാക്കാനുള്ള സന്നദ്ധതയും താൽപ്പര്യവും അറിയിക്കുന്നു.
ആഴ്സണൽ പരിശീലകൻ ആർട്ടെറ്റയോടും സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയെ ബെർറ്റയോടും ചർച്ച നടത്തുന്ന എസെ സന്തോഷത്തോടെ ആഴ്‌സണൽ ഓഫറിന് ആയി കാത്തിരിക്കാനും തയ്യാറാവുന്നു. എസെയുടെ വലിയ റിലീസ് ക്ലോസും, സ്‌ട്രൈക്കർ എന്ന ആദ്യ ലക്ഷ്യവും തുടക്കത്തിൽ ആഴ്‌സണലിന് വെല്ലുവിളി ആവുന്നു. കെപ്പ, സുബിമെന്റി, നോർഗാർഡ്, മധുയെകെ, മൊസ്ക്വാര എന്നിവർക്ക് പുറമെ ദീർഘകാലത്തെ ചർച്ചകൾക്ക് ശേഷം ഷെഷ്കോയെ വേണ്ടെന്നു വെച്ചു ഗ്യോകെറസിനെ സ്വന്തമാക്കുന്ന ആഴ്‌സണലിന് പക്ഷെ അപ്പോഴേക്കും എസെ എന്ന ലക്ഷ്യം കയ്യിൽ നിന്ന് ദൂരെയായിരുന്നു. ബോർഡിൽ പലരും എസെക്ക് പകരം ഒരു ലെഫ്റ്റ് വിങർ എന്ന ആവശ്യവും ഉയർത്തി. അത് വരെ ക്ഷമയോടെ കാത്തിരുന്ന എസെ പല സുഹൃത്തുക്കളോടും താൻ ആഴ്‌സണലിൽ എത്തും എന്നു പറഞ്ഞ റിപ്പോർട്ടുകളും ഈ സമയങ്ങളിൽ പുറത്ത് വരുന്നു. യുവതാരം ഏഥൻ ന്വനേരി പുതിയ കരാറിൽ ഒപ്പ് വെച്ചത് കൂടി ആയപ്പോൾ പക്ഷെ ആഴ്‌സണൽ എസെയെ സ്വന്തമാക്കുന്ന ശ്രമങ്ങൾ ഏതാണ്ട് നിർത്തി. ഈ അവസരത്തിൽ എസെയും തന്റെ സ്വപ്നം അവസാനിച്ചു എന്നു കരുതി കാണണം. ഈ സമയം ആണ് മാഡിസണിനു പരിക്കേറ്റതോടെ ആഴ്‌സണൽ ആരാധകൻ ആണെങ്കിലും എസെയെ ടീമിൽ എത്തിക്കാൻ ബദ്ധവൈരികൾ ആയ ടോട്ടനം ഹോട്‌സ്പർ രംഗത്ത് വരുന്നത്. ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന സ്വപ്നത്തിനു ആയി എസെ ടോട്ടനത്തിനു ആയി കളിക്കാനും തയ്യാറാവുന്നു. 68 മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് അവസാനിച്ചതോടെ പാലസ് എത്രത്തോളം താരത്തിന് ആയി വില കുറക്കും, ആദ്യം നൽകേണ്ട തുക എത്രത്തോളം കുറയും എന്ന ചർച്ച ആണ് ടോട്ടനം തുടർന്ന് നടത്തിയത്. ഓഗസ്റ്റ് 20 നു ക്രിസ്റ്റൽ പാലസുമായി ഏതാണ്ട് താരത്തിന്റെ തുകയിൽ അടക്കം ഏതാണ്ട് ധാരണയിൽ എത്താനും ടോട്ടനത്തിനു ആയി. എസെയെ സ്വപ്നം കണ്ട ആഴ്‌സണൽ ആരാധകർക്ക് ഈ വാർത്ത വമ്പൻ നിരാശ നൽകിയപ്പോൾ അവരെ പരിഹസിച്ചു ഇത് ആഘോഷമാക്കി ടോട്ടനം ആരാധകർ.
എന്നാൽ ഓഗസ്റ്റ് 20 നു ആഴ്‌സണൽ താരം കായ് ഹാവർട്സിന് പരിക്കേറ്റ വാർത്ത പുറത്ത് വന്നപ്പോൾ ആദ്യം ആരും ഇതിനകം തന്നെ വമ്പൻ തുക മാർക്കറ്റിൽ മുടക്കിയ ആഴ്‌സണൽ എസെക്ക് ആയി തിരിച്ചു രംഗത്ത് വരും എന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ ഓഗസ്റ്റ് 21 നു ഡേവിഡ് ഓർണസ്റ്റിയിൻ എസെക്ക് ആയി ആഴ്‌സണൽ തിരിച്ചു രംഗത്ത് ഇറങ്ങി എന്ന കാര്യം ട്വീറ്റ് ചെയ്തതോടെ പിന്നെ കാര്യങ്ങൾ പെട്ടെന്ന് ആയിരുന്നു നടന്നത്. ടോട്ടനം സ്വന്തമാക്കി എന്നു പ്രതീക്ഷിച്ച താരത്തെ അവരുടെ ചുണ്ടിൽ നിന്നു ആഴ്‌സണൽ വെറും 3 മണിക്കൂറുകൾ കൊണ്ടു റാഞ്ചി. പാലസും ആയി ആഴ്‌സണൽ 60 മില്യണും 7.5 മില്യൺ ആഡ് ഓൺ തുകക്കും ധാരണയിൽ എത്തിയതോടെ ടോട്ടനത്തിനു വേറെ വഴി ഇല്ലായിരുന്നു, കാരണം എസെയുടെ ഹൃദയം എവിടെ ആണെന്ന് അവർക്കും അറിയാമായിരുന്നു. പണ്ട് ടോട്ടനം ക്യാപ്റ്റൻ സോൾ ക്യാംമ്പലിനെ ആഴ്സണൽ സ്വന്തമാക്കിയതിനെ ഓർമിപ്പിച്ചു എസെ ട്രാൻസ്ഫർ. അവിശ്വസനീയം ആയ വാർത്തക്ക് സന്തോഷം കൊണ്ട് തുള്ളി ചാടുന്ന ആഴ്‌സണൽ ആരാധകരെ ആണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം കണ്ടത്. എന്നാൽ ഇതേ അവസ്ഥ തന്നെ ആയിരുന്നു എസെക്കും എന്നാണ് റിപ്പോർട്ടുകൾ പറഞ്ഞത്. തുടർന്ന് വന്ന റിപ്പോർട്ടുകൾ ഒരു ത്രില്ലർ കഥയാണ് പറഞ്ഞത്. ടോട്ടനവും ആയി കരാർ ഒപ്പ് വെക്കാൻ പോകും മുമ്പ് ആർട്ടെറ്റയെ വിളിച്ചു എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടോ എന്നു ചോദിച്ച എസെയോട് ഹാവർട്സിന്റെ പരിക്ക് ചർച്ച ചെയ്യാൻ ക്ലബ് ബോർഡ് മീറ്റിങ് കൂടാൻ പോവുക ആണെന്നും അൽപ്പനേരം കാത്തിരിക്കാനും ആർട്ടെറ്റ ആവശ്യപ്പെട്ടു. ലണ്ടനിൽ ഉണ്ടായിരുന്ന ഉടമ ജോഷ് കോരെങ്കെയുടെ അനുമതി കിട്ടിയതോടെ എസെയെ സ്വന്തമാക്കാൻ ആന്ദ്രയെ ബെർത്ത ഇറങ്ങിയ വാർത്ത അറിഞ്ഞതോടെ എസെ ടോട്ടനം ചർച്ചകൾ അപ്പോൾ തന്നെ നിർത്തി. ടോട്ടനം ചെയർമാൻ ഡാനിയേൽ ലേവിയെ ഞെട്ടിച്ച നീക്കം ആയിരുന്നു ഇത്.
എന്നാൽ എസെക്ക് ആഴ്‌സണൽ അല്ലാതെ വേറെ ഒന്നും വേണ്ടായിരുന്നു. തുടർന്ന് പാലസിനോട് ടോട്ടനം നൽകാമെന്ന് പറഞ്ഞ തുക നൽകാൻ തങ്ങൾ തയ്യാറാണ് എന്നു അറിയിക്കുന്ന ആഴ്‌സണൽ എസെയെ തങ്ങളുടെ ടീമിൽ എത്തിക്കുക ആയിരുന്നു. 27 മത്തെ വയസ്സിൽ ക്രിസ്റ്റൽ പാലസിൽ നിന്നു ആഴ്‌സണലിൽ എത്തി ഇതിഹാസം ആയി മാറിയ സാക്ഷാൽ ഇയാൻ റൈറ്റ് ആണ് തന്റെ അതേപാത പിന്തുടർന്ന എസെയെ ആഴ്‌സണൽ ആരാധകർക്ക് മുന്നിൽ ഔദ്യോഗികമായി അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ലീഡ്സ് യുണൈറ്റഡിന് എതിരായ ആഴ്‌സണലിന്റെ സീസണിലെ ആദ്യ മത്സരത്തിന് മുമ്പ് എസെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ അവതരിക്കപ്പെട്ടപ്പോൾ ആരാധകർ നൽകിയ ആ ആരവത്തിലും കയ്യടിയിലും ഉണ്ട് എസെ എത്രത്തോളം ഇതിനകം തന്നെ ആരാധകരുടെ പ്രിയപ്പെട്ടവൻ ആണെന്നത്. ടോട്ടനത്തിൽ നിന്നു ആഴ്‌സണൽ നടത്തിയ ഹൈജാക്ക് ട്രാൻസ്ഫറിന് അപ്പുറം ബാല്യകാലം മുതൽ താൻ സ്നേഹിച്ച ക്ലബ്ബിലേക്കുള്ള ആ 13 കാരന്റെ 14 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ് ആഘോഷമാക്കേണ്ട ഒന്നു തന്നെയാണ്. വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ താരം ആവാൻ സ്വപ്നം കണ്ടു വന്നു അക്കാദമി തലത്തിൽ തന്നെ ആ സ്വപ്നങ്ങൾ തകരുന്ന ഓരോരുത്തർക്കും എസെ പ്രചോദനം തന്നെയാണ്, സ്വപ്നം കാണുന്ന ഏതൊരാൾക്കും എസെ പ്രതീക്ഷയും കൂടിയാണ്. ഇതൊരു 13 കാരന്റെ മധുരപ്രതികാരം ആണ്, ഒരു 27 കാരന്റെ പ്രണയ സാക്ഷാത്കാരവും. ഇതിഹാസങ്ങൾ അണിഞ്ഞ ആഴ്‌സണൽ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞു എസെ കാണിക്കുന്ന മാജിക്ക് നമുക്ക് കാത്തിരുന്നു കാണാം.