ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ആയി അരങ്ങേറ്റം കുറിച്ചു 15 കാരനായ മാക്സ് ഡൗമാൻ. 15 വയസ്സും 235 ദിവസവും പ്രായമുള്ള ഡൗമാൻ ലീഡ്സ് യുണൈറ്റഡിന് എതിരെ ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആണ് അരങ്ങേറ്റം കുറിച്ചത്. ഈ അരങ്ങേറ്റത്തോടെ പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഇംഗ്ലീഷ് താരം മാറി. നിലവിൽ 15 വയസ്സും 181 ദിവസവും പ്രായമുള്ളപ്പോൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച ആഴ്സണലിന്റെ തന്നെ എഥൻ ന്വനേരിയാണ് ഈ റെക്കോർഡിന് ഉടമ.
64 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അരങ്ങേറ്റത്തിൽ ഗംഭീരമായി കളിച്ചു ഡൗമാൻ. ഷോട്ടുകൾ എടുക്കാൻ ഭയം കാണിക്കാത്ത താരം തന്റെ വേഗവും ഡ്രിബിലിങ് മികവും കൊണ്ട് എതിരാളികളെ വെള്ളം കുടിപ്പിച്ചു. 93 മത്തെ മിനിറ്റിൽ തന്നെ ഫൗൾ ചെയ്തതിനു ടീമിന് പെനാൽട്ടി നേടി നൽകാനും ഡൗമാനു ആയി. പ്രീ സീസണിൽ ഗംഭീരമായി കളിച്ച താരം പ്രീമിയർ ലീഗ് അരങ്ങേറ്റത്തിലും തിളങ്ങിയതിനാൽ താരത്തിന് മിഖേൽ ആർട്ടെറ്റ കൂടുതൽ അവസരങ്ങൾ നൽകാൻ ആണ് സാധ്യത. ബുകയോ സാകയും, എമിൽ സ്മിത്ത്-റോയും, മൈൽസ് ലൂയിസ്-സ്കെല്ലിയും, ഏഥൻ ന്വനേരിയും കാണിച്ച പാതയിലൂടെ ഹയിൽ എന്റ് അക്കാദമിയിൽ നിന്നു സൂപ്പർ താര പദവിയിലേക്ക് ഉയരാൻ ആവും ഡൗമാന്റെയും ശ്രമം.