എട്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം വെറ്ററൻ പേസർ മുഹമ്മദ് ഷമി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. വരാനിരിക്കുന്ന 2025-26 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിലാണ് ഷാമിയെ ഉൾപ്പെടുത്തിയത്.
കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോട്ടീംഗ്ഹാംഷെയറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനാണ് 15 അംഗ ടീമിനെ നയിക്കുക. അഭിമന്യു ഈശ്വരൻ വൈസ് ക്യാപ്റ്റനാകും.

ഇന്ത്യക്കായി കളിച്ചിട്ടുള്ള ആകാശ് ദീപ്, മുകേഷ് കുമാർ, ഓൾറൗണ്ടർ റിയാൻ പരാഗ് എന്നിവരും ടീമിലുണ്ട്. ബംഗാളിന്റെ മികച്ച റൺസ് സ്കോററായ സുദീപ് ചാറ്റർജിയെ സെലക്ടർമാർ ഒഴിവാക്കിയപ്പോൾ, സുദീപ് കുമാർ ഘരാമിയെ സ്റ്റാൻഡ്ബൈ ലിസ്റ്റിലേക്ക് മാറ്റി. അടുത്തിടെ ഇന്ത്യ അണ്ടർ-19 ടീമിനായി ഏറ്റവും വേഗമേറിയ യുവ ഏകദിന സെഞ്ച്വറി നേടിയ 14-കാരൻ വൈഭവ് സൂര്യവംശിയെയും സ്റ്റാൻഡ്ബൈകളിൽ ഉൾപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്.
34-കാരനായ ഷമി അവസാനമായി റെഡ്-ബോൾ ക്രിക്കറ്റ് കളിച്ചത് 2024 നവംബറിൽ രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടിയാണ്. അതിനുശേഷം, 2025-ലെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് ഷമി കളത്തിൽ ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ടെസ്റ്റ് മത്സരം 2023-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു.
സോണൽ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ ദുലീപ് ട്രോഫി ഓഗസ്റ്റ് 28-ന് ആരംഭിക്കും. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ഈസ്റ്റ് സോൺ നോർത്ത് സോണുമായി ഏറ്റുമുട്ടും.
ഈസ്റ്റ് സോൺ ടീം: ഇഷാൻ കിഷൻ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സന്ദീപ് പട്നായിക്, വിരാട് സിംഗ്, ഡെനിഷ് ദാസ്, ശ്രീദാം പോൾ, ശരൺദീപ് സിംഗ്, കുമാർ കുശാഗ്ര, റിയാൻ പരാഗ്, ഉത്കർഷ സിംഗ്, മനീഷി, സൂരജ് സിന്ധു ജയ്‌സ്വാൾ, മുകേഷ് കുമാർ, ആകാശ് ദീപ്, മുഹമ്മദ് ഷമി.
സ്റ്റാൻഡ്ബൈസ്: മുക്താർ ഹുസൈൻ, ആശിർവാദ് സ്വയിൻ, വൈഭവ് സൂര്യവംശി, സ്വസ്തിക് സാമൽ, സുദീപ് കുമാർ ഘരാമി, രാഹുൽ സിംഗ്.