ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 51.2 ഓവറിൽ 247 റൺസിന് അവസാനിച്ചു. ഇന്ത്യയ്ക്കെതിരെ 23 റൺസിന്റെ നേരിയ ലീഡ് നേടാൻ ഇംഗ്ലണ്ടിന് കഴിഞ്ഞു എങ്കിലും ഇന്ത്യ ആത്മവിശ്വാസത്തിൽ ആകും. ആദ്യ ഇന്നിംഗ്സിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ് കാരണം ഇംഗ്ലണ്ടിന്റെ തകർച്ച ദ്രുതഗതിയിലായി.

ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജ് (4/86), പ്രസിദ്ധ് കൃഷ്ണ (4/62) എന്നിവരാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആകാശ് ദീപ് (1/80) ഒരു വിക്കറ്റ് നേടി മികച്ച പിന്തുണ നൽകി.
ക്രോലി (57 പന്തിൽ 64), ബെൻ ഡക്കറ്റ് (38 പന്തിൽ 43) എന്നിവർ ചേർന്ന് ആദ്യ വിക്കറ്റിൽ 92 റൺസ് നേടിയ മികച്ച തുടക്കത്തിന് ശേഷമാണ് ഇംഗ്ലണ്ടിന്റെ മധ്യനിര തകർന്നത്. അർദ്ധസെഞ്ച്വറി നേടിയതിന് പിന്നാലെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ക്രോലി പുറത്തായി. പിന്നാലെ ഒല്ലി പോപ്പ് (22), ജോ റൂട്ട് (29) എന്നിവരെ അടുത്തടുത്ത ഓവറുകളിൽ സിറാജ് പുറത്താക്കി.
ഹാരി ബ്രൂക്ക് (64 പന്തിൽ 53) മാത്രമാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ ചെറുത്ത് നിന്നത്. അഞ്ച് ബൗണ്ടറികളും ഒരു സിക്സുമടിച്ച ബ്രൂക്കിനെ ഒടുവിൽ സിറാജ് മടക്കി. 11 റൺസ് നേടിയ ഗസ് അറ്റ്കിൻസണെ പ്രസിദ്ധ് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് തകർച്ച പൂർണമായി.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 109/1 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് 138 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് നഷ്ടമായത്. ക്രിസ് വോക്സ് പരിക്ക് കാരണം ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്തില്ല.
ഇരു ടീമുകളും തമ്മിൽ 23 റൺസ് മാത്രമാണ് വ്യത്യാസം. ഇനിയും ഒരുപാട് സമയം ബാക്കിയുള്ളതുകൊണ്ട് കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിംഗ്സിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ലെങ്കിലും, രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചാൽ മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടാം.