പോർച്ചുഗൽ: പരിക്കിൽ നിന്ന് മോചിതനായി രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്തിയ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കറിന് സുവർണ നേട്ടം. പോർച്ചുഗലിൽ നടന്ന മീറ്റിങ് മയ്യ സിഡാഡ് ഡു ഡെസ്പോർട്ടോയിൽ 7.75 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഒന്നാം സ്ഥാനത്തെത്തിയത്.

ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലെ മെഡൽ ജേതാവായ ശ്രീശങ്കറിൻ്റെ ഈ വിജയം, പ്രധാന ടൂർണമെന്റുകൾക്ക് മുന്നോടിയായി അദ്ദേഹത്തിന് വലിയ ആത്മവിശ്വാസം നൽകും. പരിക്കിനെ തുടർന്ന് പാരിസ് ഒളിമ്പിക്‌സ് നഷ്ടമായ ശ്രീശങ്കർ, കഴിഞ്ഞ മാസം പൂനെയിൽ നടന്ന ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക്സിൽ 8.05 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്.
ശ്രീശങ്കർ ഇപ്പോൾ ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുകയാണ്. അതിനുള്ള യോഗ്യതാ മാർക്ക് 8.27 മീറ്ററാണ്.