യുവേഫ വനിതാ യൂറോ 2025 ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5 ന് പരാജയപ്പെടുത്തി ജർമ്മനി സെമിഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിനു ശേഷവും 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ അവസാനം പെനാൾട്ടി വഴി ജർമ്മനി ജയിക്കുകയായിരുന്നു.
ആദ്യ 15 മിനിറ്റിനുള്ളിൽ 10 പേരായി ചുരുങ്ങിയിട്ടും ജർമ്മനി ധീരമായി പോരാടി. കാതറിൻ ഹെൻഡ്രിക്കിന് ലഭിച്ച ചുവപ്പ് കാർഡ് ഫ്രാൻസിന് സംഖ്യാപരമായ മുൻതൂക്കവും ഒപ്പം ഒരു പെനാൽറ്റിയും നൽകി. ഇത് ഗ്രേസ് ഗെയോറോ അനായാസം ഗോളാക്കി ലെസ് ബ്ലൂസിനെ മുന്നിലെത്തിച്ചു. എന്നാൽ, ജർമ്മനി വേഗത്തിൽ തിരിച്ചടിച്ചു. പത്ത് മിനിറ്റിന് ശേഷം സ്ജോക്കെ ന്യൂസ്കെൻ ഗോൾ നേടി സമനില കണ്ടെത്തി.
അതിനുശേഷം, കടുത്തതും ശാരീരികമായ ഒരു പോരാട്ടമായിരുന്നു. ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിശ്ചിത സമയത്തോ അധികസമയത്തോ ഒരു വിജയഗോൾ കണ്ടെത്താനായില്ല. ഷൂട്ടൗട്ടിൽ, ഫ്രാൻസിന്റെ ആലീസ് സോംബാത്ത് നിർണായക പെനാൽറ്റി പാഴാക്കിയതോടെ സെന്റ് ജേക്കബ്-പാർക്കിലെ ജർമ്മനി അനുകൂലികളായ കാണികളെ ആഹ്ലാദത്തിലായി.
ബുധനാഴ്ച സൂറിച്ചിൽ നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ ആകും സെമിഫൈനലിൽ ജർമ്മനി നേരിടുക.