മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡിനെ സ്വന്തമാക്കാനുള്ള നീക്കം ബാഴ്‌സലോണ ശക്തമാക്കുന്നു. ഒരു സീസൺ നീളുന്ന ലോൺ കരാറിലൂടെ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്. ലോണിന് ശേഷം സ്ഥിരം കരാറിലെത്തിക്കാനുള്ള വ്യവസ്ഥയും ഡീലിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

താൻ ബാഴ്‌സലോണയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് 27-കാരനായ റാഷ്‌ഫോർഡ് ക്ലബ്ബിനെ അറിയിച്ചതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.
ബാഴ്‌സയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച്, ലോൺ കരാറാണ് ഏറ്റവും ഉചിതമായ മാർഗമെന്ന് ക്ലബ് കരുതുന്നു.
കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ റാഷ്‌ഫോർഡ് ആസ്റ്റൺ വില്ലക്ക് വേണ്ടി ലോണിൽ കളിച്ചിരുന്നു. അന്ന് 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയ താരം, പിന്നീട് പരിക്കിനെ തുടർന്ന് സീസണിൻ്റെ അവസാന മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആഴ്ചയിൽ 325,000 പൗണ്ടിലധികം വരുമാനമുള്ള ഏറ്റവും ഉയർന്ന ശമ്പളമുള്ള കളിക്കാരിലൊരാളാണ് റാഷ്‌ഫോർഡ്. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ല അദ്ദേഹത്തിന്റെ ഭൂരിഭാഗം ശമ്പളവും വഹിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങൾ പരിഗണിച്ച് താൽകാലിക കരാർ ബാഴ്‌സലോണക്ക് കൂടുതൽ പ്രായോഗികമായ ഒന്നാണ്.
2015-ൽ അരങ്ങേറ്റം കുറിച്ച ശേഷം 426 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയിട്ടുള്ള റാഷ്‌ഫോർഡ് ഓൾഡ് ട്രാഫോർഡിലെ ഒരു പ്രധാന താരമായിരുന്നു.