ലോർഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ടിന് മികച്ച നിലയിൽ. ആദ്യം ദിനം അവസാനിക്കുമ്പോൾ 99 റൺസുമായി റൂട്ട് പുറത്താകാതെ നിൽക്കുകയാണ്. ലണ്ടനിലെ തെളിഞ്ഞ പ്രഭാതത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ആതിഥേയർ ഇപ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 251 എന്ന ശക്തമായ നിലയിലാണ്. പതിവ് ബാസ്ബോൾ ശൈലി ഉപേക്ഷിച്ച് ഡിഫൻസിൽ ഊന്നിയാണ് ഇംഗ്ലണ്ട് ഇന്ന് കളിച്ചത്.

തുടക്കത്തിൽ ഓപ്പണർമാരായ ബെൻ ഡക്കറ്റിനെയും സാക് ക്രോളിയെയും നിതീഷ് കുമാർ റെഡ്ഡി പുറത്താക്കി. എന്നാൽ ഒല്ലി പോപ്പും റൂട്ടും ചേർന്ന് ഒരു മികച്ച സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്നിംഗ്സ് വേഗത്തിൽ സ്ഥിരപ്പെടുത്തി. കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ച പോപ്പ്, രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ നേരിയ എഡ്ജ് നൽകി കീപ്പർക്ക് ക്യാച്ച് നൽകി 44 റൺസിന് പുറത്തായി.
ഹാരി ബ്രൂക്കിന് ലഭിച്ച തുടക്കം മുതലാക്കാനായില്ല. ജസ്പ്രീത് ബുംറയുടെ മികച്ച ഒരു ഡെലിവറിയിൽ 11 റൺസിന് അദ്ദേഹം പുറത്തായി.
ഇതിനു ശേഷം ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് റൂട്ടിന് മികച്ച പിന്തുണ നൽകി. പന്ത് പഴയതാകുകയും പിച്ചിൽ ബാറ്റിംഗ് എളുപ്പമാകുകയും ചെയ്തതോടെ, അവരുടെ കൂട്ടുകെട്ട് ഇന്ത്യൻ ബൗളർമാരെ നിരാശരാക്കി.