ഫിഫ ക്ലബ് ലോകകപ്പ് സെമിഫൈനലിൽ റയൽ മാഡ്രിഡിനെതിരെ പിഎസ്ജി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് 4-0ന്റെ മികച്ച വിജയം നേടി. മത്സരം തുടങ്ങിയത് മുതൽ പിഎസ്ജിയുടെ വേഗതയ്ക്കു മുന്നിൽ റയൽ പതറി. ആറ് മിനിറ്റിനുള്ളിൽ തന്നെ പിഎസ്ജി ഗോൾ വല കുലുക്കി.

ഓസ്മാൻ ഡെംബെലെയുടെ മികച്ച മുന്നേറ്റത്തിൽ നിന്ന് ഫാബിയൻ റൂയിസ് അനായാസം ഫിനിഷ് ചെയ്ത് ലീഡ് നൽകി. മൂന്ന് മിനിറ്റിന് ശേഷം ഡെംബെലെയും ഗോൾ നേടി. പ്രതിരോധക്കാരെ മറികടന്ന് പന്ത് വലയിലേക്ക് അടിച്ച് ലീഡ് രണ്ടാക്കി ഉയർത്തി.
24-ാം മിനിറ്റിൽ റൂയിസ് വീണ്ടും ഗോൾ നേടി. അഷ്‌റഫ് ഹക്കിമി നൽകിയ മനോഹരമായ ക്രോസ് ബോക്സിലെത്തി കൃത്യമായി ഫിനിഷ് ചെയ്യുകയായിരുന്നു അദ്ദേഹം. 3-0ന്റെ ലീഡ്. രണ്ടാം പകുതിയിൽ റയൽ തിരിച്ചുവരാൻ ഒരു ശ്രമം നടത്തി എങ്കിലും സ്കോർ നില മാറിയില്ല.
രണ്ടാം പകുതിയുടെ അവസാനം ഗോൺസാലോ റാമോസിന്റെ ഫിനിഷ് പി എസ് ജിയുടെ വിജയം പൂർത്തിയാക്കി. ഇനി ഫൈനലിൽ ചെൽസി ആകും പി എസ് ജിയുടെ എതിരാളികൾ.