വെസ്റ്റ് ഹാമിന്റെ ഘാന താരമായ മുഹമ്മദ് കുദൂസിനെ സ്വന്തമാക്കാനുള്ള ടോട്ടനം ഹോട്ട്‌സ്പറിന്റെ ശ്രമങ്ങൾ വിജയിച്ചു. 55 മില്യൺ പൗണ്ട് നൽകിയാണ് സ്പർസ് 24കാരനെ സ്വന്തമാക്കുന്നത്. അടുത്ത ദിവസം തന്നെ താരം ക്ലബിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.
കുദൂസിന് വെസ്റ്റ് ഹാമുമായി 2028 വരെ കരാർ ഉണ്ടായിരുന്നു. സ്പർസിന്റെ ആദ്യ ബിഡ് വെസ്റ്റ് ഹാം നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ താരം ക്ലബ് വിടണം എന്ന് തീരുമാനിച്ചതോടെ നീക്കം വേഗത്തിൽ ആയി.
2023-ൽ അയാക്സിൽ നിന്ന് 41.5 ദശലക്ഷം യൂറോയ്ക്ക് വെസ്റ്റ് ഹാമിൽ ചേർന്ന കുദൂസ്, തന്റെ ആദ്യ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 18 ഗോളുകളും 10 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നിരുന്നാലും, 2024-25 സീസണിൽ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലീഗിൽ 14-ാം സ്ഥാനത്തെത്തിയ വെസ്റ്റ് ഹാമിനായി 35 മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹം നേടിയത്.