ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഐസിസി പുരുഷ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചാണ് ബ്രൂക്ക് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ഇന്നിംഗ്സിൽ 158 റൺസ് നേടിയത് ഇംഗ്ലണ്ടിന്റെ പോരാട്ടത്തിന് കരുത്ത് നൽകുക മാത്രമല്ല, രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സഹതാരം ജോ റൂട്ടിനെ ഒന്നാം സ്ഥാനത്തുനിന്ന് താഴെയിറക്കുകയും ചെയ്തു.

ടെസ്റ്റ് നായകനെന്ന നിലയിൽ തന്റെ ആദ്യ വിജയത്തിൽ 269, 161 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശുഭ്മാൻ ഗിൽ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണ്. ബ്രൂക്കിനെക്കാൾ 79 റേറ്റിംഗ് പോയിന്റ് മാത്രം പിന്നിലാണ് ഇപ്പോൾ ഗിൽ. റൂട്ട്, കെയ്ൻ വില്യംസൺ, യശസ്വി ജയ്സ്വാൾ, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു താരം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജെമി സ്മിത്താണ്. 184*, 88 എന്നിങ്ങനെ റൺസ് നേടിയ സ്മിത്ത് 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ 10-ൽ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മുൾഡർ സിംബാബ്‌വെക്കെതിരെ നേടിയ പുറത്താകാത്ത 367 റൺസ് നേടിയതോടെ ബാറ്റിംഗ് റാങ്കിംഗിൽ 34 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-ാം സ്ഥാനത്തും ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തും എത്തി.