മുതിർന്ന സ്പാനിഷ് പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ചു എന്ന് Khelnow റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി (AIFF) വഴിപിരിഞ്ഞ മാനോളോ മാർക്വേസിന്റെ ഒഴിവിലേക്കാണ് ഹബാസ് എത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 13 ആണ്.

68 വയസ്സുകാരനായ ഹബാസ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകരിൽ ഒരാളാണ്. 2014-ൽ എടികെയെ ആദ്യ ഐഎസ്എൽ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം, 2019-20 സീസണിൽ എടികെ മോഹൻ ബഗാനൊപ്പവും ഈ നേട്ടം ആവർത്തിച്ചു. 2023-24 സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനൊപ്പം ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡും അദ്ദേഹം നേടി. നിലവിൽ ഐ-ലീഗിൽ ഇന്റർ കാശിയെ പരിശീലിപ്പിക്കുന്ന അദ്ദേഹം അവരെ കിരീട സാധ്യതയുള്ള ടീമാക്കി മാറ്റി. അന്താരാഷ്ട്ര തലത്തിൽ, 1997-ൽ ബൊളീവിയയെ കോപ്പ അമേരിക്കയിൽ റണ്ണേഴ്സ് അപ്പാക്കിയ ഹബാസ് വലൻസിയ, സെൽറ്റ വിഗോ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.