എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസവും ഇന്ത്യ ആധിപത്യം തുടർന്നു. 608 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് കളി നിർത്തുമ്പോൾ 16 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ്. വിജയത്തിനായി അവർക്ക് ഇനിയും 536 റൺസ് കൂടി വേണം.

മികച്ച ബൗളിംഗ് ആണ് ഇന്ന് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. തന്റെ ആദ്യ ഓവറുൽ മുഹമ്മദ് സിറാജ് സക് ക്രോളിയെ പുറത്താക്കി. ബെൻ ഡക്കറ്റ് 15 പന്തിൽ 25 റൺസെടുത്ത് അപകടകാരിയാണെന്ന് തോന്നിപ്പിച്ചെങ്കിലും ആകാശ് ദീപിന്റെ പന്തിൽ പുറത്തായി. ജോ റൂട്ടിനെയും (6) ആകാശ് ദീപ് പുറത്താക്കി. കളി നിർത്തുമ്പോൾ ഒല്ലി പോപ്പ് (24), ഹാരി ബ്രൂക്ക് (15) എന്നിവരാണ് ക്രീസിൽ. മത്സരത്തിൽ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്.
നേരത്തെ, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ 161 റൺസിന്റെയും റിഷഭ് പന്ത് (65), രവീന്ദ്ര ജഡേജ (69*) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെയും പിൻബലത്തിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 427/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ടിനെ വീണ്ടും പുറത്താക്കാൻ ഒരു ദിവസം മുഴുവനായി ഇന്ത്യക്ക് ഉണ്ട്.