ആഴ്സണൽ വിട്ടു ജപ്പാനീസ് പ്രതിരോധ താരം ടകഹിറോ ടോമിയാസു. പരിക്കുകൾ നിരന്തരം വേട്ടയാടിയ കരിയറിന് ഒടുവിൽ ആണ് 26 കാരനായ താരം ക്ലബ് വിടുന്നത്. 2026 വരെ കരാർ ഉണ്ടെങ്കിലും കരാർ റദ്ദ് ചെയ്യാൻ ക്ലബും താരവും തമ്മിൽ ധാരണയിൽ എത്തുക ആയിരുന്നു. 2026 നു ശേഷം ഒരു കൊല്ലം കരാർ പുതുക്കാനുള്ള വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ആഴ്സണൽ കരിയർ അവസാനിപ്പിക്കാൻ ഇരു കൂട്ടരും തീരുമാനിക്കുക ആയിരുന്നു.
2021 ൽ ഇറ്റാലിയൻ സീരി എ ടീം ബ്ലൊളോഗ്നയിൽ നിന്നാണ് ടോമിയാസു ആഴ്സണലിൽ എത്തിയത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി എളുപ്പം മാറിയെങ്കിലും പരിക്കുകൾ താരത്തെ വല്ലാതെ വലച്ചു. നാലു സീസണുകളിൽ ആയി 84 മത്സരങ്ങൾ മാത്രമാണ് ആഴ്സണലിന് ആയി ജപ്പാൻ താരത്തിന് കളിക്കാൻ ആയത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് താരത്തിന് പന്ത് തട്ടാൻ ആയത്. നിലവിലും പരിക്കിന് പിടിയിലുള്ള താരം കാൽ മുട്ടിനു ആയുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു, ഇനിയും നാലു അഞ്ചു മാസം എങ്കിലും എടുക്കും താരം കളത്തിലേക്ക് തിരിച്ചെത്താൻ.