വിംബിൾഡൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി നിലവിലെ ജേതാവും രണ്ടാം സീഡും ആയ കാർലോസ് അൽകാരാസ്. ബ്രിട്ടീഷ് താരം ഒളിവർ ടാർവറ്റിനെ 6-1, 6-4, 6-4 എന്ന സ്കോറിന് ആണ് തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ നിന്നു വ്യത്യസ്തമായി വ്യക്തമായ ആധിപത്യം സ്പാനിഷ് താരം ഇന്ന് പുലർത്തി. 2025 ലെ 44 മത്തെ ജയം കുറിച്ച അൽകാരാസ് തുടർച്ചയായ ഇരുപതാം ജയവും വിംബിൾഡണിലെ തുടർച്ചയായ പതിനാറാം ജയവും ആണ് ഇന്ന് കുറിച്ചത്. തന്റെ കിരീടം നിലനിർത്താൻ തനിക്ക് ആവും എന്ന സൂചന തന്നെയാണ് അൽകാരാസ് നിലവിൽ നൽകുന്നത്.
അതേസമയം 12 സീഡ് അമേരിക്കയുടെ ഫ്രാൻസസ് ടിയെഫോയെ സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരം കാമറൂൺ നോരി രണ്ടാം റൗണ്ടിൽ അട്ടിമറിച്ചു. ആദ്യ സെറ്റ് 4-6 നു നഷ്ടമായ ശേഷം തിരിച്ചടിച്ച ബ്രിട്ടീഷ് താരം 4-6, 6-4, 6-3, 7-5 എന്ന സ്കോറിന് ആണ് മത്സരം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിന് എതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷം 6-7, 6-4, 7-6, 6-3 എന്ന സ്കോറിന് തിരിച്ചു വന്നു ജയിച്ച റഷ്യൻ താരവും പതിനാലാം സീഡും ആയ ആന്ദ്ര റൂബ്ലേവും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.